കോഴിക്കോട്: മലയാള സാഹിത്യത്തിലെ ‘നിത്യയൗവനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരൻ പി.സി. കുട്ടികൃഷ്ണൻ, ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട മഹാനായ സാഹിത്യകാരൻ വിടവാങ്ങിയിട്ട് ജൂലൈ 10-ന് 46 വർഷം. 1979 ജൂലൈ 10-ന് മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ സ്ഥാനത്തിരിക്കെ കോട്ടയത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നാലര പതിറ്റാണ്ടുകൾക്കിപ്പുറവും ഉറൂബിന്റെ ധന്യസ്മരണകൾ മലയാള വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്നു.
‘ഉറൂബ്’ – പേരിലെ അർത്ഥവ്യാപ്തി
‘ഉറൂബ്’ എന്ന പേർഷ്യൻ വാക്കിന് ‘നിത്യയൗവനം’ എന്നും അറബി വാക്കിന് ‘ഉദയം’ എന്നുമാണ് അർത്ഥം. പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണമേനോൻ എന്ന പി.സി. കുട്ടികൃഷ്ണൻ ഈ തൂലികാനാമം സ്വീകരിച്ചത് ഏത് അർത്ഥത്തിലായാലും, മലയാള സാഹിത്യത്തിൽ പ്രഭചൊരിഞ്ഞ അദ്ദേഹത്തിന്റെ ജീവിതം ഈ പേരിനെ അന്വർഥമാക്കി. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ, ബാലസാഹിത്യകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ഉറൂബ് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ലളിതമായ ശൈലിയും ഭാഷയും കൊണ്ട് മറക്കാനാവാത്ത രചനകൾ സമ്മാനിച്ച അദ്ദേഹം ഓരോ കൃതിക്കും വ്യത്യസ്തമായ ജീവിത പശ്ചാത്തലമൊരുക്കി നൂതനമായ വായനാനുഭവം മലയാളികൾക്ക് പകർന്നു.
ജീവിതരേഖ
1915 ജൂൺ 8-ന് പൊന്നാനിക്കടുത്തുള്ള പള്ളപ്രം ഗ്രാമത്തിൽ കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായാണ് പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ചെറുപ്പത്തിൽത്തന്നെ കവി ഇടശ്ശേരി ഗോവിന്ദൻ നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കവിതയെഴുതാൻ ആരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. 1934-ൽ നാടുവിട്ട അദ്ദേഹം ആറ് വർഷത്തോളം ഇന്ത്യയുടെ പലഭാഗങ്ങളിലായി വിവിധ ജോലികൾ ചെയ്തു. ഈ കാലയളവിൽ തമിഴ്, കന്നഡ ഭാഷകൾ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ബനിയൻ കമ്പനിയിലും രണ്ട് വർഷം വീതം ജോലി നോക്കി. കോഴിക്കോട് കെ.ആർ. ബ്രദേഴ്‌സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പിൽക്കാലത്ത് അദ്ദേഹം ജോലി ചെയ്തത്. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച ശേഷം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ചു.
‘ഉറൂബ്’ എന്ന തൂലികാനാമം
1952-ൽ ആകാശവാണിയിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകനായ സംഗീത സംവിധായകൻ കെ. രാഘവനെക്കുറിച്ചുള്ള ലേഖനം മാതൃഭൂമിയിൽ എഴുതിയപ്പോഴാണ് ‘ഉറൂബ്’ എന്ന തൂലികാനാമം ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻകൂർ അനുവാദം വേണം എന്ന ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാൻ അദ്ദേഹത്തിന് പ്രേരണയായത്.
പ്രധാന കൃതികളും പുരസ്കാരങ്ങളും
‘നീർച്ചാലുകൾ’ എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. 25-ഓളം കഥാസമാഹാരങ്ങളിലായി നിരവധി കഥകൾ അദ്ദേഹം രചിച്ചു. ‘രാച്ചിയമ്മ’ (കഥ, 1969), ‘ഗോപാലൻ നായരുടെ താടി’ (1963), ‘വെളുത്ത കുട്ടി’ (1958) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥാസമാഹാരങ്ങളാണ്.
‘ഉമ്മാച്ചു’, ‘സുന്ദരികളും സുന്ദരന്മാരും’ എന്നീ നോവലുകളാണ് ഉറൂബിന്റെ ശ്രേഷ്ഠ നോവൽ കൃതികളായി കണക്കാക്കപ്പെടുന്നത്. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം എന്നിവയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ, സാമൂഹിക, കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ മലബാറിനെ കേന്ദ്രമാക്കി അവതരിപ്പിച്ച ‘സുന്ദരികളും സുന്ദരന്മാരും’ മലയാളത്തിലെ ഇതിഹാസസമാനമായ ഒരു കൃതിയാണ്. ‘ആമിന’ (1948), ‘കുഞ്ഞമ്മയും കൂട്ടുകാരും’ (1952), ‘മിണ്ടാപ്പെണ്ണ്’ (1958), ‘അണിയറ’ (1968), ‘അമ്മിണി’ (1972) തുടങ്ങിയ നോവലുകളും ശ്രദ്ധേയങ്ങളാണ്.
നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1958, ‘ഉമ്മാച്ചു’), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1960, ‘സുന്ദരികളും സുന്ദരന്മാരും’) എന്നിവ ഉറൂബിന് ലഭിച്ചു. ‘അങ്കവീരൻ’, ‘മല്ലനും മരണവും’, ‘അപ്പുവിന്റെ ലോകം’, ‘ഉറൂബിന്റെ കുട്ടിക്കഥകൾ’ തുടങ്ങിയ ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചു. ‘തീ കൊണ്ടു കളിക്കരുത്’, ‘മണ്ണും പെണ്ണും’ (1954), ‘മിസ് ചിന്നുവും ലേഡി ജാനുവും’ (1961) എന്നിവ ഉറൂബിന്റെ നാടകങ്ങളാണ്. കവിയായി അറിയപ്പെടുന്നില്ലെങ്കിലും ‘നിഴലാട്ടം’, ‘മാമൂലിന്റെ മാറ്റൊലി’, ‘പിറന്നാൾ’ (1947) എന്നീ കവിതാ ഗ്രന്ഥങ്ങളും അദ്ദേഹത്തിനുണ്ട്. ഐക്യകേരളം വരുന്നതിനുമുമ്പ്, മദ്രാസ് സ്റ്റേറ്റിലായിരിക്കെ ‘കതിർക്കറ്റ’ (1948), ‘തുറന്നിട്ട ജാലകം’ (1949), ‘കൂമ്പെടുക്കുന്ന മണ്ണ്’ (1951) എന്നീ കൃതികൾക്ക് മൂന്ന് തവണ മദ്രാസ് സർക്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ചലച്ചിത്രരംഗത്ത്
മലയാള ചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ‘നീലക്കുയിൽ’ (1954) എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത് ഉറൂബാണ്. ‘നീലക്കുയിൽ’ കൂടാതെ, ‘രാരിച്ചൻ എന്ന പൗരൻ’ (1956), ‘നായര് പിടിച്ച പുലിവാല്’ (1958), ‘മിണ്ടാപ്പെണ്ണ്’ (1970), ‘കുരുക്ഷേത്രം’ (1970), ‘ഉമ്മാച്ചു’ (1971), ‘അണിയറ’ (1978) എന്നീ ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥയെഴുതി. ഉറൂബിന്റെ കഥയെ ആസ്പദമാക്കി ‘ത്രിസന്ധ്യ’ (1972) എന്ന സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. ‘രാച്ചിയമ്മ’ എന്ന പ്രശസ്ത കഥയും അടുത്തിടെ ചലച്ചിത്ര രൂപം പൂണ്ടിരുന്നു. പി. ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ‘നീലക്കുയിൽ’ മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരത്തിന് അർഹമായെങ്കിലും, കഥാകൃത്തായ ഉറൂബിന് പ്രത്യേകം പുരസ്‌കാരം ലഭിച്ചില്ല. 1971-ൽ ‘ഉമ്മാച്ചു’ എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം, ‘സുന്ദരികളും സുന്ദരന്മാരും’ ദൂരദർശൻ സീരിയലായും അവതരിപ്പിച്ചു.
കുടുംബം
1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി ദേവകിയമ്മയെ പി.സി. കുട്ടികൃഷ്ണൻ വിവാഹം കഴിച്ചു. ഈ ദമ്പതികളുടെ മൂത്തമകൻ, പരേതനായ കരുണാകരൻ സാഹിത്യ അക്കാദമിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഇളയ മകൻ സുധാകരൻ പ്രശസ്ത ചിത്രകാരനാണ്. മകൾ ശ്രീലതയും മകൻ സുധാകരനും കോഴിക്കോട് താമസിക്കുന്നു. മകൾ ശ്രീലതയുടെ മകൻ ശ്രീഹരിയും അറിയപ്പെടുന്ന യുവചിത്രകാരനാണ്. ഉറൂബിന്റെ കോഴിക്കോട്ടുണ്ടായിരുന്ന വീടിന്റെ പേര് ‘ശ്രീലകം’ എന്നായിരുന്നു.
Uroob: Eternal Youth in Malayalam Literature