ജറുസലേം: വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയതിനു ശേഷവും തിങ്കളാഴ്ച ഹൂതികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതില്‍ മുന്നറിയിപ്പുമായി യു.എസ്. യെമനിലേക്ക് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങള്‍ വരേണ്ടി വരുമെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി. ഇറാനില്‍ ആക്രമണം നടത്തിയതുപോലെ ഹൂതികള്‍ക്കെതിരെയും ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് അംബാസഡര്‍ നല്‍കിയത്.
ഇസ്രായേലിലേക്ക് മിസൈലുകള്‍ വരുന്നത് അവസാനിച്ചു എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഹൂതികള്‍ പിന്നെയും മിസൈല്‍ പ്രയോഗിച്ചിരിക്കുന്നു. ഭാഗ്യത്തിന് ഇസ്രായേലില്‍ പ്രതിരോധസംവിധാനങ്ങള്‍ ഉള്ളത് കാരണം സുരക്ഷിതമാണ്. ബി-2 ബോംബറുകള്‍ യെമന്‍ സന്ദര്‍ശിക്കേണ്ടി വരും.’ ഹക്കബി എക്സില്‍ കുറിച്ചു.
12 ദിവസം നീണ്ട് നിന്ന ഇസ്രായേല്‍ ഇറാന്‍ യുദ്ധത്തിന് ശേഷം ജൂണ്‍ 24ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേശമുണ്ടാകുന്ന ആദ്യത്തെ മിസൈല്‍ ആക്രമണമാണ് ഹൂതികളുടെ ഭാഗത്തുനിന്നുണ്ടായത്.
യെമനിലെ ഹൂതി വിമതര്‍ക്ക് ഇറാനിന്റെ പിന്തുണ കിട്ടുന്നുണ്ട്. ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേലിന് എതിരെ ഹൂതി വിമതര്‍ നിരന്തരമായി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. പലസ്തീനുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹുതികള്‍ രണ്ട് മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ആക്രമണം നിര്‍ത്തിയിരുന്നു. ഇസ്രായേല്‍ കരാര്‍ ലംഘിച്ചതോടെ വീണ്ടും ആക്രമണം തുടരുകയായിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമാക്കി ഇസ്രായേലും തിരിച്ചടി നടത്തുന്നുണ്ട്.
അത്യാധുനിക യുദ്ധവിമാനമായ ബി-2 സ്പിരിറ്റ് ബോംബര്‍ വിമാനം ഉപയോഗിച്ചാണ് ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ അമേരിക്ക നശിപ്പിച്ചത്.ഇറാനിലെ ഫോര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇതിന് ശേഷമാണ് ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തലുണ്ടായത്.
US ambassador to Israel says B-2 Spirit fighter jets may have to come to Yemen