വാഷിംഗ്ടൺ : ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10% അധിക തീരുവ ചുമത്തുമെന്ന ഭീഷണി ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്സ് ഒരു ശക്തമായ സംഘടനയായി രൂപപ്പെട്ടാൽ അത് അമേരിക്കക്ക് തിരിച്ചടിയാണെന്നും കൂടുതൽ ശക്തമാക്കാൻ ആണ് ഉദ്ദേശമെങ്കിൽ വളരെ വേഗം അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്സ് ഗ്രൂപ്പ് കഴിഞ്ഞ വർഷം ഇറാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നു. എന്നാൽ രാജ്യങ്ങളുടെ പേര് സൂചിപ്പിക്കാതെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പ്.
ട്രംപിന്റെ ഈ ഭീഷണി, ബ്രിക്സ് രാജ്യങ്ങൾ യുഎസ് ഡോളറിന്റെ ആഗോള റിസർവ് കറൻസി പദവിയെ വെല്ലുവിളിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പ് ആയാണ് വിലയിരുത്തുന്നത്.
ബ്രസീലിൽ നടന്ന ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ രാഷ്ട്രങ്ങളിലെ നേതാക്കൾ യുഎസിന്റെ സൈനിക, വ്യാപാര നയങ്ങളെ പരോക്ഷമായി വിമർശിച്ചിരുന്നു. ഇതാണ് ട്രംപിനേ ചൊടിപ്പിക്കാൻ കാരണമായി തീർന്നത്. പിന്നാലെ
കഴിഞ്ഞ ജൂലൈ 6 ന് ആണ്, ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്. ബ്രിക്സ് രാജ്യങ്ങൾ യുഎസ് ഡോളറിന് പകരം ഒരു പുതിയ കറൻസി സൃഷ്ടിക്കാനോ മറ്റൊരു കറൻസിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാൽ 100% തീരുവ ചുമത്തുമെന്നും ട്രംപ് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റിൻറെ ഭീഷണികൾ, യുഎസിന്റെ ആഗോള വ്യാപാരത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.