വാഷിങ്ടൻ: സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറയുടെ നേതൃത്വത്തിലുളള ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) എന്ന സംഘടനയെ ഭീകരപട്ടികയിൽനിന്ന് യുഎസ് ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ മാസം 23 ന് ഒപ്പിട്ടതാണെങ്കിലും ഇപ്പോഴാണു പ്രഖ്യാപിച്ചത്. ഉപരോധങ്ങളിൽ ഇളവുവന്നെങ്കിലും വിലക്കുകൾ പൂർണമായി നീക്കാൻ യുഎസ് കോൺഗ്രസ് നിയമം പാസാക്കേണ്ടിവരും. അഹ്മദ് അശ്ശറയുടെ സംഘടന 2017ൽ ആണ് അൽ ഖായിദ ബന്ധം ഉപേക്ഷിച്ച് എച്ച്ടിഎസ് രൂപീകരിച്ചത്. ആദ്യ ട്രംപ് സർക്കാരാണ് എച്ച്ടിഎസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ബഷാർ അൽ അസദിന്റെ പതനത്തിനുശേഷം അധികാരം പിടിച്ച അശ്ശറയുടെ സർക്കാരിന്റെ ഗുണപരമായ പ്രവർത്തനങ്ങളെ അംഗീകരിച്ചാണു നടപടിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. റിയാദിൽ മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അശ്ശറ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിറിയയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങളിൽ യുഎസ് ഇളവുകൾ വരുത്തിയിരുന്നു.മേഖലയുടെ സ്ഥിരതയും സുരക്ഷയും മെച്ചപ്പെടുത്താനുള്ള അവസരമെന്ന നിലയിൽ ട്രംപിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് യുഎസിലുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
US removes Syrian President Bashar al-Assad’s organization from terrorist list