കാമുകിയെ വിഷംകൊടുത്ത് കൊന്ന് മൃതദേഹം പുഴയിലെറിഞ്ഞു, പക്ഷേ ടാറ്റു ചതിച്ചു; യുപിയെ നടുക്കി ക്രൂര കൊലപാതകം

കാമുകിയെ വിഷംകൊടുത്ത് കൊന്ന് മൃതദേഹം പുഴയിലെറിഞ്ഞു, പക്ഷേ ടാറ്റു ചതിച്ചു; യുപിയെ നടുക്കി ക്രൂര കൊലപാതകം


ഉത്തർപ്രദേശിൽ യുവാവ് കാമുകിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിലെറിഞ്ഞു. റാണി എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ജഗദീഷിനെ യുപി പോലീസ് പിടികൂടി.

ജഗദീഷും റാണിയും അടുത്തിടെ പ്രണയത്തിലായവരാണ്. ഇരുവരും കുറച്ച് നാളുകളായി ലളിത്പൂരിലെ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. വിവാഹം കഴിഞ്ഞ റാണി തൻ്റെ ഭർത്താവിനെ ഉപേക്ഷിച്ചാണ് ജഗദീഷിനൊപ്പം താമസിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ജഗദീഷ് മറ്റൊരു വിവാഹത്തിനായി തയ്യാറെടുത്തു. തനിക്കും പുതിയ ഭാര്യയ്ക്കുമൊപ്പം താമസിക്കണമെന്ന് ഇയാൾ റാണിയോട് ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം നിരസിച്ചതോടെയാണ് ജഗദീഷ് റാണിയെ കൊലപ്പെടുത്തിയത്.

കൊലപാതകം നടത്താനുള്ള വഴികൾ ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞുകൊണ്ടാണ് പ്രതി കൊലപാതകം നടത്തിയത്. വീട്ടിലേക്ക് വളരെ തന്ത്രമായി റാണിയെ വിളിച്ചുവരുത്തിയ ജഗദീഷ് ഇവർക്ക് മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. തുടർന്ന് ബോധരഹിതയായ യുവതിയെ പ്രതി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

പിന്നീട് ഇയാൾ കടയിൽ നിന്നും ഒരു വലിയ കവർ വാങ്ങി, മൃതദേഹം അതിനുള്ളിൽ പൊതിഞ്ഞ് പുഴയിലെറിയുകയായിരുന്നു. ബുധനാഴ്ച, മത്സ്യത്തൊഴിലാളികൾ നദിയിൽ ഒരു നീല സഞ്ചി പൊങ്ങിക്കിടക്കുന്നത് കണ്ടു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസാണ് ഇത് യുവതിയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്.

സ്ത്രീയുടെ കൈയിൽ എഴുതിയ ‘ആർ-ജഗ്ദീഷ്’ എന്ന ടാറ്റു കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതി “റാണി മരിക്കാൻ ആഗ്രഹിച്ചുവെന്നും അതുകൊണ്ടാണ് അവളെ കൊലപ്പെടുത്തിയതെ”ന്നുമാണ് പോലീസിന് മൊഴി നൽകിയത്.

Share Email
Top