വടക്കഞ്ചേരിയിൽ യുവതിയുടെ മരണം: ഭർത്താവിനെതിരെ സ്ത്രീധന പീഡനക്കുറ്റവും ചുമത്തി

വടക്കഞ്ചേരിയിൽ യുവതിയുടെ മരണം: ഭർത്താവിനെതിരെ സ്ത്രീധന പീഡനക്കുറ്റവും ചുമത്തി
Share Email

പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം ആലത്തൂർ തോണിപ്പാടത്ത് ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ആലത്തൂർ തോണിപ്പാടം സ്വദേശി പ്രദീപിനെതിരെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് പിന്നാലെ സ്ത്രീധന പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് പ്രദീപ് നേഘയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ പ്രദീപിനെ ആലത്തൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞ 23-ന് രാത്രിയാണ് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി സ്വദേശിനി നേഘയെ (25) ഭർത്താവ് പ്രദീപിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വയസ്സുള്ള മകൾക്കൊപ്പം ഉറങ്ങാൻ കിടന്ന നേഘയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രദീപ് പോലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ, നേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ പീഡനമാണ് മരണത്തിന് കാരണമെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.

നേഘയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രദീപ് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മാനസികമായി ഉപദ്രവിച്ചിരുന്നതായി വ്യക്തമായത്. ഇതേത്തുടർന്നാണ് നേരത്തെ ചുമത്തിയ ആത്മഹത്യാ പ്രേരണാക്കുറ്റത്തോടൊപ്പം സ്ത്രീധന പീഡനക്കുറ്റവും ചുമത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന പ്രദീപ് ആഴ്ചയിലൊരിക്കലാണ് വീട്ടിൽ വന്നിരുന്നത്. വീട്ടിലെത്തുമ്പോഴെല്ലാം നേഘയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായതായി സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

Share Email
Top