പ്രസന്നൻ പിള്ള
ന്യൂയോർക്ക് : ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജേഴ്‌സി അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഭാഗമായ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ട്രസ്‌റ്റി ബോർഡ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ന്യൂയോർക്കിൽ നിന്നുള്ള വനജ നായരും സെക്രട്ടറി സ്ഥാനത്തേക്ക് മിസോറി സെന്റ് ലൂയിസ് നിവാസിയായ ഡോ: സുധീർ പ്രയാഗയും നാമനിർദ്ദേശ പത്രികൾ സമർപ്പിച്ചു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രസിഡന്റും ഡയറക്ടർ ബോർഡും നിർവഹിക്കുമ്പോൾ ധനകാര്യ നിർവഹണത്തിലെ മേൽനോട്ടവും ഓഡിറ്റിംഗും ഉറപ്പുവരുത്തുക പുതിയ ഭരണസമിതിയെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഇലക്‌ഷൻ കമ്മീഷനിലൂടെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന ചുമതലകൾ നിർവഹിക്കാനുള്ള സംഘടനയുടെ ഭരണഘടന ഘടകമാണ് ട്രസ്‌റ്റി ബോർഡ്
രണ്ടു പതിറ്റാണ്ടുമുമ്പ് ചിക്കാഗോയിൽ നടന്ന കൺവൻഷൻ മുതൽ കെ.എച്ച്.എൻ.എ.യുടെ സജീവ സഹയാത്രികയായിട്ടുള്ള വനജ നായർ രണ്ടു തവണ ഡയറക്ടർ ബോർഡ് അംഗമായും റീജിയണൽ വൈസ് പ്രസിഡന്റായും വിവിധ കണ്‍വന്ഷനുകളിൽ ഉപസമിതികളുടെ സാരഥിയായി പ്രവർത്തിക്കുകയും കഴിഞ്ഞ രണ്ടു വർഷമായി ട്രസ്റ്റി ബോർഡ് അംഗമായി തുടരുകയും ചെയ്യുന്നു.
ന്യൂയോർക്ക് സിറ്റിയിലെ പഴക്കം ചെന്ന ഹൈന്ദവ കൂട്ടായ്മകളിൽ ഒന്നായ എൻ. ബി. എ. യുടെ മുൻ പ്രസിഡന്റും നിലവിലെ ട്രസ്‌റ്റി ചെയറുമായ വനജ നായർ ശ്രീനാരായണ അസോസിയേഷനിലും അയ്യപ്പ സേവ സംഘത്തിലും സജീവ സാന്നിധ്യവുമാണ്. ആകർഷകമായ പെരുമാറ്റം കൊണ്ട് സമൂഹത്തിൽ ഒരു വലിയ സുഹൃത്‌വലയത്തെ സൃഷ്ടിച്ചിട്ടുള്ള ഇവർ മെഡിക്കൽ മേഖലയിൽ നേഴ്സ് പ്രാക്റ്റീഷണറായും
യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ പാർട്ട് ടൈം നേഴ്സിംഗ് അദ്ധ്യാപികയായും ജോലി ചെയ്യുന്നു.
ട്രസ്റ്റീ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്ന സുധീർ പ്രയാഗ കെ.എച്ച്.എൻ.എ.
മുൻ ജനറൽ സെക്രട്ടറിയും ട്രസ്‌റ്റി ബോർഡ് അംഗവും നിലവിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാണ്. ഫർമസ്യൂട്ടിക്കൽ ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനമായ സൈൻറ് ലൂയിസ് ആന്റി ബോഡി റീസേർച്ച് സെന്ററിന്റെ പ്രസിഡന്റും സി.ഇ.ഒ.യുമായ ഡോ: സുധീർ പ്രതിരോധ ഔഷധ ഗവേഷണ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഒരു ശാസ്തജ്ഞൻ കൂടിയാണ്.
ഔദ്യോഗിക കൃത്യ നിർവഹണത്തോടൊപ്പം കേരളത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിവരുന്ന സുധീർ സെയിന്റ് ലൂയിസിലെ ഓങ്കാരം എന്ന ഹൈന്ദവ കൂട്ടായ്മയുടെ സ്ഥപക അംഗവും മുൻ പ്രസിഡന്റും കൊച്ചി ഹിന്ദു ഇക്കണോമിക് ഫോറം മെമ്പറും ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമാണ് .
2025 -27 കെ.എച്ച്.എൻ.എ. ഭരണസമിതിയിലേക്ക് മത്സരിക്കുന്ന ടി . ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും പിന്തുണയും നല്കാൻ തങ്ങളുടെ വിപുലമായ പ്രവർത്തന പരിചയവും നേതൃപാടവവും സഹായകമാകുമെന്ന ശുഭ പ്രതീക്ഷയോടെ വനജ നായരും സുധീർ പ്രയാഗയും കൺവൻഷൻ പ്രതിനിധികളുടെ അംഗീകാരം അഭ്യർത്ഥിക്കുന്നു.
Vanaja Nair and Dr Sudhir Prayaga vie for KHNA Board of Trustees leadership