ആലുവ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്റെ മത- രാഷ്ട്രീയ, വിമർശന വിവാദ പ്രസംഗങ്ങളുമായി മുന്നോട്ട്. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെയും മുസ്ലിം രാഷ്ട്രീയ, സാമുദായിക നേതൃത്വങ്ങളെയും വിമർശിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ അദ്ദേഹം ആവർത്തിക്കുകയാണ്. പ്രസംഗങ്ങൾക്കെതിരെ വിമർശനം കടുക്കുമ്പോഴും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വെള്ളാപ്പള്ളി.
ആലുവ അദ്വൈതാശ്രമത്തിൽ ആലുവ യൂണിയൻ സംഘടിപ്പിച്ച ശാഖാ നേതൃസംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും മുസ്ലിം ലീഗിനെ ഉന്നമിട്ട് രംഗത്തെത്തിയത്. മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്‌റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സി.എച്ച്. മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങൾ കഴിഞ്ഞപ്പോൾ കേരളം അവർ ഭരിക്കുന്ന അവസ്ഥയിലെത്തി,” വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷ സർക്കാർ പോലും മുസ്ലിം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രിയാകാം എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. “വിരുന്നു വന്നവർ വീട്ടുകാരും വീട്ടുകാർ പുറമ്പോക്കിലുമായി,” മുസ്ലിം ലീഗിനെ ലക്ഷ്യംവെച്ച് വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. “മുസ്ലിം സമുദായം എന്തെങ്കിലും പറഞ്ഞാൽ ഇവർ മിണ്ടുമോ? കേരള കോൺഗ്രസ് പറഞ്ഞാലും ഇവർ മിണ്ടില്ല. അവർക്കെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വേണ്ടത്,” അദ്ദേഹം ചോദിച്ചു. മതപണ്ഡിതന്മാർ കൊടുവാളുമായി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. സാമുദായിക സർവേ എടുക്കുമ്പോൾ സാമ്പത്തിക സർവേ കൂടി വേണമെന്നും അടുത്ത തിരഞ്ഞെടുപ്പുകളിൽ ഏത് പാർട്ടിയിലുള്ളവരായാലും പരമാവധി ഈഴവരെ അധികാരത്തിലെത്തിക്കണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. “മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നു. അതിന് 40 വർഷം വേണ്ടി വരില്ല,” വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
വിവാദങ്ങളോട് വിവിധ കക്ഷികളുടെ പ്രതികരണം
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തെ പേര് എടുത്ത് പറയാതെ സി.പി.എം. തള്ളിയിരുന്നു. എസ്.എൻ.ഡി.പി. മുന്നോട്ട് പോകേണ്ടത് മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണെന്നും, ഏതൊരു ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങൾ അവതരിപ്പിക്കാമെങ്കിലും അത് മതവൈര്യമുണ്ടാക്കുന്ന തരത്തിലാകരുതെന്നും സി.പി.എം. വ്യക്തമാക്കി. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടൽ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രത പാലിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
“കാന്തപുരം കുന്തവുമായി വന്നാലും പറയാനുള്ളത് താൻ പറയുമെന്നാണ് രാവിലെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.” വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. വർഗീയ പരാമർശങ്ങൾ വെള്ളാപ്പള്ളി ആവർത്തിക്കുമ്പോഴും, ചരിത്രം സൃഷ്ടിച്ച ദീർഘദർശിയാണ് വെള്ളാപ്പള്ളിയെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ വിശേഷണം.
അതേസമയം, വെള്ളാപ്പള്ളി നടേശൻ ഇടക്കിടെ ഓരോന്ന് പറയുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗം ഗൗരവത്തിലെടുക്കുന്നില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. “അതൊന്നും ജനങ്ങൾ ഏറ്റെടുക്കില്ല. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിന്റെ അന്തരീക്ഷമാണ്. സാമുദായിക നേതാക്കളും മത നേതാക്കളും ആ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്,” സാദിഖലി തങ്ങൾ ഓർമിപ്പിച്ചു. പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും, അതുകൊണ്ടാണ് പലയിടത്തും പലതും പറയേണ്ടി വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളോട് ആത്മസംയമനം പുലർത്തുന്നതാണ് നല്ലതെന്നും, അല്ലാതെ വിദ്വേഷം പരത്താൻ ശ്രമിക്കുകയല്ലല്ലോ വേണ്ടതെന്നും സാദിഖലി വ്യക്തമാക്കി. “മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് ഈ കാര്യത്തിൽ അർത്ഥവത്താണ്,” അദ്ദേഹം കൂട്ടിച്ചേർത്തു
Vellappally Natesan continues his religious-political and critical speeches; various corners are criticizing him