‘കേസെടുക്കൂ’, വർഗീയ പരാമർശത്തിൽ വെല്ലുവിളിയുമായി വെള്ളാപ്പള്ളി; ‘കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും’

‘കേസെടുക്കൂ’, വർഗീയ പരാമർശത്തിൽ വെല്ലുവിളിയുമായി വെള്ളാപ്പള്ളി; ‘കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും’

കൊച്ചി: വർഗീയ പരാമർശ വിവാദത്തിൽ കേസെടുക്കാൻ വെല്ലുവിളിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തനിക്കെതിരെ വേട്ടയാടൽ നടക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ‘കാന്തപുരം അബൂബക്കർ മുസ്ലിയാർ എന്ത് കുന്തമെടുത്ത് എറിഞ്ഞാലും എന്റെ നിലപാടുകൾ താൻ തുറന്നുപറയുമെന്നും പറഞ്ഞു. ഞാൻ പാവപ്പെട്ടവരുടെ ശബ്ദമാണ് ഉയർത്തുന്നത്. പണക്കാർക്ക് എന്റെ സത്യസന്ധമായ നിലപാടുകൾ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ അധികാരം പിടിച്ചപ്പോൾ, അസംഘടിത സമുദായങ്ങൾ പിന്നോക്കം പോയി എന്നും വെള്ളാപ്പള്ളി വിമർശിച്ചു.

വർഗീയത ആരോപണത്തിനെതിരെ കേസെടുക്കാൻ വെള്ളാപ്പള്ളി വെല്ലുവിളിച്ചു. “ഞാനാണോ വർഗീയത പ്രചരിപ്പിക്കുന്നത്? എന്റെ സമുദായത്തിന്റെ അവകാശങ്ങൾക്കായാണ് ഞാൻ സംസാരിക്കുന്നത്. എന്തെങ്കിലും പറഞ്ഞാൽ ഇടതും വലതും ഒന്നിച്ച് എന്നെ ആക്രമിക്കുന്നു,” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “ഇവർ എന്ത് ചെയ്താലും മിണ്ടാതിരുന്നാൽ മതസൗഹാർദം, എന്തെങ്കിലും പറഞ്ഞാൽ മതവിദ്വേഷം എന്നാണ് ആക്ഷേപം,” എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക-സാമ്പത്തിക സർവേ നടത്തി, ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി ഉറപ്പാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. “കേരളത്തിൽ ഈഴവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു. ആർ. ശങ്കർ, വി.എസ്. അച്യുതാനന്ദൻ, ഗൗരിയമ്മ എന്നിവരെ ആക്രമിച്ചവർ ഇപ്പോഴും സജീവമാണ്. പിണറായി വിജയന് ശേഷം ഒരു ഈഴവൻ 100 വർഷത്തേക്ക് മുഖ്യമന്ത്രിയാകില്ല,” എന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് രാജിവയ്ക്കണമെന്ന ആവശ്യത്തെ, “എന്നെ അവിടെ നിയോഗിച്ചത് ഇവരുടെ മുൻഗാമികളല്ല,” എന്ന് പറഞ്ഞ് തള്ളിയ വെള്ളാപ്പള്ളി, തന്റെ സാമൂഹിക സത്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Share Email
LATEST
Top