ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: പരിഗണിക്കുന്നവരിൽ ശശി തരൂരിന് മുൻഗണനയെന്ന് സൂചന; കോൺഗ്രസിൽ അതൃപ്തി രൂക്ഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: പരിഗണിക്കുന്നവരിൽ ശശി തരൂരിന് മുൻഗണനയെന്ന് സൂചന; കോൺഗ്രസിൽ അതൃപ്തി രൂക്ഷം

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ രാജിക്ക് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ തുടങ്ങി. എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനാണ് നീക്കമെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.

ശശി തരൂർ എം.പി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവരെ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നവരിൽ ഉൾപ്പെടുന്നു. നിലവിൽ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായഭിന്നതയിലുള്ള ശശി തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുൻഗണനയുണ്ടെന്നാണ് സൂചനകൾ.

കോൺഗ്രസിൽ തരൂരിനെതിരായ നീക്കങ്ങൾ

കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൂർണ്ണമായും ഒറ്റപ്പെട്ട ശശി തരൂരിനെ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാക്കാനുള്ള നീക്കങ്ങൾ സജീവമാണ്. കെ. മുരളീധരൻ തുടങ്ങിയ നേതാക്കൾ തരൂരിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ വിമർശനങ്ങളോട് തരൂർ മൗനം പാലിക്കുകയാണ്.

തലസ്ഥാനത്തെ കോൺഗ്രസ് പരിപാടികളിൽ ശശി തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ എം.പി. വ്യക്തമാക്കി. തരൂരിന്റെ കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നും, പാർട്ടി ഇനി അദ്ദേഹത്തെ തങ്ങളുടെ കൂട്ടത്തിലുള്ള ആളായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാൻഡ് പലതവണ വിലക്കിയിട്ടും തരൂർ പിന്നോട്ട് പോയില്ലെന്നും, “രാജ്യമാണ് വലുത്, കോൺഗ്രസ് രണ്ടാമത്” എന്ന തരൂരിന്റെ നിലപാടാണ് കോൺഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങൾ

മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തരൂരിന്റെ നീക്കങ്ങൾ ശ്രദ്ധേയമാണ്. കോൺഗ്രസ് വേദികളിൽ സ്ഥാനം കുറയുമെന്ന് തിരിച്ചറിഞ്ഞാണ് തരൂർ സമുദായ സംഘടനകളുടെ പിന്തുണ തേടുന്നത്. ഇത് ഭാവിയിൽ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ വേണ്ടിയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

തരൂരിന്റെ ഈ നീക്കം കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. “പുകച്ചു പുറത്ത് ചാടിക്കാൻ ആവില്ലെന്ന” നിലപാടിലാണ് തരൂർ. അതേസമയം, തരൂർ സ്വയം പുറത്തുപോകട്ടെ എന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. തരൂരിന്റെ തുടർ നീക്കങ്ങൾ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തരൂർ ബി.ജെ.പി. പക്ഷത്തേക്ക് നീങ്ങുന്നത് കോൺഗ്രസിന്റെ പ്രതീക്ഷകളെ ബാധിക്കുമെന്നതിനാൽ കോൺഗ്രസുകാർ തരൂരിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ്. പാർലമെന്റ് സമ്മേളനം ആരംഭിച്ചതോടെ തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കെ. മുരളീധരൻ തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കുമെന്ന് തുറന്നുപറഞ്ഞെങ്കിലും, കെ.പി.സി.സി. നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല. അതേസമയം, ദേശീയത ഉയർത്തിക്കാട്ടി കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടൽ തുടരാനാണ് തരൂരിന്റെ തീരുമാനം.

Vice Presidential Election: Shashi Tharoor is being considered as a priority; Dissatisfaction is rife in Congress

Share Email
Top