ഷാർജയിൽ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം കേരളത്തിലേക്കെത്തിക്കും. വിപഞ്ചികയുടെ സംസ്കാര ചടങ്ങുകൾ കേരളത്തിലും കുഞ്ഞിൻ്റെ സംസ്കാര ചടങ്ങുകൾ യുഎഇയിലും വെച്ചാകും നടക്കുക. ഇന്ന് ഷാർജയിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
യുവതിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. യുവതിയുടേത് കൊലപാതകം അല്ലെന്നും മറിച്ച് ആത്മഹത്യ തന്നെയാണെന്നാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം ഇന്നലെ വിപഞ്ചികയുടെ കുഞ്ഞിൻ്റെ സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപ്പെട്ടതോടെ വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം മാറ്റിവെച്ച് കുഞ്ഞിൻ്റെ മൃതദേഹം തിരികെ കൊണ്ടുപോയിരുന്നു. വൈഭവിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം തന്നെ ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു വിപഞ്ചികയുടെ ഭർതാവ് നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍ ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കുഞ്ഞിൻ്റെ സംസ്കാരം മാറ്റിവെക്കാൻ തീരുമാനിച്ചത്.
ഇന്നലെ സംസ്കാര ചടങ്ങുകൾക്കായി നിധീഷിൻ്റെ കുടുംബവും സുഹൃത്തുക്കളും കുഞ്ഞിൻ്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടതോടെ കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിക്കാതെ തിരികെക്കൊണ്ടുപോയി.