ന്യൂഡല്‍ഹി: നാടിനെ നടുക്കിയ വിസ്മയ മരണക്കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി മരവിപ്പിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
സെഷന്‍ കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് കൊണ്ടാണ് സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം നല്‍കിയത്.
തനിക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ പ്രധാനവാദം. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസിന്റെ വിചാരണ വേളയില്‍ പ്രധാന സാക്ഷികളെയെല്ലാം വിസ്തരിച്ച സാഹചര്യത്തില്‍ പ്രതിക്ക് ഇനി ജാമ്യം നല്കുന്നതില്‍ തടസമില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധ പ്രസ്താവിച്ചത്.
Vismaya case: Supreme Court grants bail to accused husband Kiran Kumar