ഡൽഹിയിൽ വോട്ടർ പട്ടിക പുതുക്കുന്നു: പൗരത്വം തെളിയിക്കാൻ രേഖകൾ വേണ്ടിവരും

ഡൽഹിയിൽ വോട്ടർ പട്ടിക പുതുക്കുന്നു: പൗരത്വം തെളിയിക്കാൻ രേഖകൾ വേണ്ടിവരും

ന്യൂഡൽഹി: ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നതിനിടെ സമാനമായ നടപടികൾ ഡൽഹിയിലും നടപ്പാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഡൽഹിയിലെ വോട്ടർ പട്ടിക പ്രത്യേക പുനരവലോകനത്തിന് വിധേയമാക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തോടെയാണ് പുതിയ ചർച്ചകൾ ആരംഭിച്ചത്.

2008 മാർച്ച് 16-ന് ശേഷം വോട്ടർ പട്ടികയിൽ ചേർത്ത പേരുകൾ വിശദമായി പരിശോധിക്കുമെന്ന് ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഈ തീയതിക്ക് ശേഷം പട്ടികയിൽ ഉൾപ്പെടുത്തിയ എല്ലാ വോട്ടർമാരും വോട്ടർ പട്ടികയിൽ പേര് നിലനിർത്തുന്നതിന് പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടിവരും. പരിഷ്‌കരണ നടപടികളുടെ ഔദ്യോഗിക ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഓഗസ്റ്റിൽ നടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

പരിശീലനം ആരംഭിച്ചു; ഓഗസ്റ്റിൽ വീടുകൾ തോറും വിവരശേഖരണം

പരിഷ്‌കരണ നടപടികളുടെ ഭാഗമായി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കുമുള്ള പരിശീലനം ജൂലൈ 3 മുതൽ ആരംഭിച്ചിട്ടുണ്ട്. വീടുകൾ തോറും വിവരങ്ങൾ പുതുക്കുന്നതിനുള്ള നടപടികൾ ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച ഷെഡ്യൂൾ ഉടൻ പുറത്തിറങ്ങുമെന്നും മുതിർന്ന പോളിങ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ നീക്കം ചെയ്യുക, പിശകുകൾ തിരുത്തുക, നഗരവൽക്കരണം, കുടിയേറ്റം എന്നിവ മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് വോട്ടർ പട്ടിക പരിഷ്‌കരിക്കുക എന്നിവയാണ് നടപടികളുടെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നു.

ബിഹാറിലെ മാതൃക ഡൽഹിയിലും? പ്രതിഷേധം ശക്തം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണം ആരംഭിച്ചത്. ഈ പരിഷ്‌കരണത്തിലെ വ്യവസ്ഥകൾ 4.7 കോടി വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കാൻ ഇടയാക്കുമെന്നാണ് ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ബിഹാറിൽ നടക്കുന്ന പരിഷ്‌കരണങ്ങൾക്ക് സമാനമായ നടപടികളാണ് ഡൽഹിയിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണ് പ്രധാന വിമർശനം. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ പൗരത്വ പരിശോധനയാണ് ലക്ഷ്യമിടുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ആധാർ സ്വീകാര്യമല്ല; ബിഹാറിൽ ആവശ്യപ്പെട്ട രേഖകൾ

ബിഹാറിൽ വോട്ടർ പട്ടികയിൽ പേര് നിലനിർത്തുന്നതിനായി സമർപ്പിക്കേണ്ട രേഖകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, സർക്കാർ ജീവനക്കാർക്കോ പെൻഷൻകാർക്കോ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ, പെൻഷൻ ഓർഡറുകൾ, സ്ഥിര താമസ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വനാവകാശ രേഖ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബ രജിസ്റ്ററുകൾ, സർക്കാർ അനുവദിച്ച ഭൂമി, വീട് എന്നിവയുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് പ്രധാന രേഖകളായി കണക്കാക്കുന്നത്. ആധാർ സ്വീകാര്യമായ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഈ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ഡൽഹിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ എന്ത് സ്വാധീനമാണ് ചെലുത്താൻ പോകുന്നത് എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

Voter list being updated in Delhi: Documents will be required to prove citizenship

Share Email
Top