ആലപ്പുഴ: തലമുറകളെ വിപ്ലവ ഉണർവിന്‍റെ തീജ്വാലയാൽ പ്രചോദിപ്പിച്ച വി എസ് എന്ന രണ്ടക്ഷരം നിത്യതയുടെ ആകാശത്തേക്ക് യാത്രയായി. പ്രിയപ്പെട്ട സഖാവിന് കേരളം കണ്ട ഏറ്റവും വലിയ വിടവാങ്ങൽ സമ്മാനിച്ച് മലയാള മണ്ണ് ആദരമർപ്പിച്ചു. ചോരയാൽ ചുവപ്പിച്ച പ്രിയപ്പെട്ട പതാക പുതപ്പിച്ച് വിഎസിനെ വലിയ ചുടുകാട്ടിലേക്ക് എത്തിച്ചപ്പോൾ, ഉറച്ച മുദ്രാവാക്യങ്ങൾ ആകാശത്ത് മുഴങ്ങി. രാത്രി ഒമ്പതോടെ പോലീസ് വിഎസിന് ഔദ്യോഗിക ആദരവ് നൽകി. ചിത കത്തിക്കുമ്പോൾ, “പോരാളികളുടെ നേതാവേ” എന്ന മുദ്രാവാക്യം ആയിരങ്ങൾ ഉറക്കെ വിളിച്ചു.
കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ വിവിധ ജില്ലകളില്‍നിന്നുള്ള പാര്‍ട്ടിപ്രവര്‍ത്തകരും അല്ലാത്തവരുമായ ആളുകള്‍ ആലപ്പുഴയില്‍ എത്തിയിരുന്നു, അവരുടെ കണ്ണും കരളുമായിരുന്ന നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍… ആ നേതാവിന്റെ പോരാട്ടങ്ങള്‍ക്ക് ചൂടും ചൂരുംപകര്‍ന്ന ആലപ്പുഴയുടെ മണ്ണ് കാത്തുകിടക്കുകയായിരുന്നു, ആ മകനെ നെഞ്ചോടുചേര്‍ക്കാന്‍. എക്കാലവും ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്ന ആ നേതാവിനുചുറ്റും ജനക്കൂട്ടം തിരതള്ളിയാർത്തു
പുന്നപ്ര-വയലാർ രക്തസാക്ഷികൾ, പി. കൃഷ്ണപിള്ള, ടി. വി. തോമസ് തുടങ്ങിയവർ ലയിച്ച അതേ മണ്ണിൽ വി.എസും അന്ത്യവിശ്രമം കൊണ്ടു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ കണ്ണീർപ്പൂക്കളും മുദ്രാവാക്യങ്ങളും ഏറ്റുവാങ്ങിയാണ് വിഎസ് അവസാനമായി വിപ്ലവ മണ്ണായ ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ. ‘വിഎസ് അമരനാണ്’, ‘കണ്ണേ കരളേ വി എസേ’ മുദ്രാവാക്യങ്ങൾ വഴിനീളെ അന്തരീക്ഷത്തിലുടനീളം മുഴങ്ങി. പ്രായഭേദമന്യേയുള്ള ജനക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും മണിക്കൂറുകളോളം കാത്തുനിന്നു. മഴയിലും ഒരേയൊരു നോക്ക് കാണാൻ കാത്തു നിന്ന ഓരോ മനുഷ്യന്റെയും കണ്ണീര് സാക്ഷിയാക്കി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വി എസിന്റെ സംസ്കാരം.