വി.എസ് ജന്മവീട്ടിലേക്ക്… പിറന്ന മണ്ണിലേക്കുള്ള അവസാന യാത്ര

വി.എസ് ജന്മവീട്ടിലേക്ക്… പിറന്ന മണ്ണിലേക്കുള്ള അവസാന യാത്ര

ആലപ്പുഴ: നൂറ്റന്‍പത്  കിലോമീറ്ററോളം ദൂരം വരുന്ന തിരുവനന്തപുരം ആലപ്പുഴ യാത്ര വി.എസ് പൂര്‍ത്തിയാക്കിയത് ഒരു മുഴുദിനത്തോളമെടുത്ത്. വിഎസിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാനായി വഴിയോരത്തു കാത്തു നിന്ന ആയിരക്കണക്കിന് ജനങ്ങള്‍ വേദനയോടെ വിഎസിനു യാത്രാമൊഴിയേകി.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്നും ആരംഭിച്ച വിലാപയാത്രയില്‍ അണിനിരന്നത് ആയിരങ്ങള്‍. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ പിന്നിട്ട് ആലപ്പുഴിലെത്തിയത് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം. ജന്മനാട്ടിലെ മത്സ്യത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും അവസാന നോക്കുകാണാനായി മണിക്കൂറുകളോളം കാത്തുനിന്നു പ്രിയനേതാവിന് അന്തിമ യാത്രാമൊഴിയേകാനായി.

രാവിലെ ഏഴോടെയാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. വഴിയില്‍ വി എസിനെ കാണാന്‍ ജനങ്ങള്‍ നില്‍ക്കുന്നയിടത്തെല്ലാം അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു. രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് പലയിടങ്ങളിലായി പ്രിയ നേതാവിനെ കാത്തുനില്‍ക്കുന്നത്. വി.എസിന്റെ പുന്നപ്രയിലെ വേലിക്കകത്തു വീട്ടിലാണ് ആദ്യം ഭൗതീക ശരീരം എത്തിക്കുക. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കും. വൈകുന്നേരം വലിയ ചുടുകാട്ടിലേക്ക അന്ത്യവിശ്രമത്തിനായി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വി.എസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച വൈകുന്നേരം  3.20നാണ് അന്തരിച്ചത്. തുടര്‍ന്ന് എ.കെ.ജി പഠനഗവേഷണകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനം. അതിനുശേഷം തിരുവനന്തപുരം പാളയത്തെ തമ്പുരാന്‍മുക്കിലുള്ള വീട്ടിലെത്തിച്ചു. ഇന്നലെ  രാവിലെഒന്‍പതു  മുതല്‍ ര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെ അവസാനിച്ചു. തുടര്‍ന്ന് വന്‍ ജനക്കൂട്ടത്തിന് നടുവിലൂടെ ജനനായകന്‍ ജന്മനാട്ടിലേക്ക് . വി എസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍. വി.എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെന്റ് ഭൂമി. അവിടെ ആയിരിക്കും ഇനി അന്ത്യവിശ്രമം കൊള്ളുക.

VS's last journey to his birthplace...
Share Email
LATEST
More Articles
Top