ആലപ്പുഴയുടെ വഴികളിലൂടെ വി.എസ്.അച്യുതാനന്ദന്റെ അന്ത്യയാത്ര. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് നീങ്ങുകയാണ്.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 18 മണിക്കൂറിൽ 120 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്.
ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആൾത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.
വിശ്രമമില്ലാത്ത പോരാട്ടങ്ങൾ തുടങ്ങിയ ആലപ്പുഴയുടെ മണ്ണിൽ വിഎസ് ഇന്ന് അന്ത്യവിശ്രമം കൊള്ളും. പുന്നപ്ര – വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം ഇന്നു പടിഞ്ഞാറേ ആകാശം ചുവക്കുമ്പോൾ വിഎസ് രക്തതാരകമായി ഓർമകളിൽ പ്രകാശിച്ചുതുടങ്ങും.
വിഎസിന്റെ ഭൗതികശരീരം ഇന്നു രാവിലെ 9ന് അദ്ദേഹത്തിന്റെ പുന്നപ്ര പറവൂരിലെ വീട്ടിൽനിന്നു പൊതുദർശനത്തിനായി തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും. പത്തിനുശേഷം ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. ഭൗതികശരീരം ഉച്ചകഴിഞ്ഞു മൂന്നിനു വലിയ ചുടുകാട്ടിലേക്കു കൊണ്ടുപോകും. നാലിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. തുടർന്നു പാർട്ടിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും.
VS’s mourning procession continues