നാടിനെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരുനാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായി. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്.
പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകൾ നേരം പുലർന്നപ്പോഴേക്കും ഇല്ലാതായി. വയനാട്ടിൽ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ജുലൈ 30ന് പുലർച്ചെ 1.40നാണ് ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒലിച്ചുപോയി.
രാവിലെ 4.10ന് ചുരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തിൽ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകർന്നു. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഗതാഗതസംവിധാനങ്ങളെല്ലാം തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിലെത്തിയ മൃതദേഹങ്ങൾ കിലോമീറ്ററുകളോളം ഒഴുകിനടന്നു.
സൈന്യത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും പൊലിസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം യുവജന, സന്നദ്ധസംഘടനകളും ചേർന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമായി. ഉറ്റവരെയും ഉടയവരെയും കാണാതെ മേപ്പാടി സർക്കാരാശുപത്രിയിലെത്തി മൃതദേഹങ്ങളുടെ കെട്ടഴിച്ചുനോക്കുന്നവരുടെ ദൃശ്യങ്ങൾ ഉള്ളുലയ്ക്കുന്നതായിരുന്നു. ഒരുമാസത്തിനുള്ളിൽ താൽകാലിക പുനരധിവാസം കേരളം സാധ്യമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം അവിടെയെത്തി വയാനാടിന് കൈത്താങ്ങാകും എന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങളെല്ലാം ജലരേഖകളാകുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.
Wayanad landslide tragedy first anniversary