ഭൂമി അതിൻ്റെ കറക്കം ഒന്നു കൂട്ടി. ജൂലൈ 10-നായിരുന്നു അത്. ഭൂമി അതിൻ്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിൽ വേഗത കൂട്ടി. വലുതായിട്ടല്ലെന്ന് നമുക്ക് തോന്നാം. എന്നാൽ ശാസ്ത്രജ്ഞർക്ക് അത് വലിയ സംഭവമായിരുന്നു. 1.36 മില്ലി സെക്കൻഡ് വേഗതയാണ് ഭൂമി വർദ്ധിപ്പിച്ചത്. അന്നത്തെ 24 മണിക്കൂറിൽ ഈ വ്യത്യാസം വന്നു.
ഒരു മില്ലി സെക്കൻഡിൽ എന്തു സംഭവിക്കാനാണ് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ പലതും സംഭവിക്കാം. ലോകത്തെ പല കാര്യങ്ങളും താളം തെറ്റാം. ജി.പി.എസ് നാവിഗേഷൻ മാറിമറിയാം. മില്ലി സെക്കൻഡുകൾ പോലും വ്യത്യാസം വന്നാൽ നമ്മുടെ യാത്രകളിലെ ലൊക്കേഷനുകൾക്ക് മാറ്റം വരാം.
ലോക സാമ്പത്തിക ക്രമത്തിലും മാറ്റം വരാം. അറ്റോമിക് ക്ലോക്കിന്റെ കൃത്യതയിലാണ് നമ്മുടെ ആഗോള വ്യാപാരം നടക്കുന്നത്. അതിന് മാറ്റം വരാം. ലോകത്തുള്ള ഇൻ്റർനെറ്റ് ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നതും കൃത്യമായി കണക്കൊപ്പിച്ച ടൈം സ്റ്റാമ്പുകളിലാണ്.
നമ്മുടെ ഭൂമി അതിൻ്റെ കറക്കം കൂട്ടിയാൽ അത് നമ്മുടെ അന്താരാഷ്ട്ര സമയത്തെ ബാധിക്കും. അതായത്, യൂണിവേഴ്സൽ ടൈം (UT1) ഇനി ഒരു സെക്കൻഡ് പിന്നോട്ട് സഞ്ചരിക്കേണ്ടി വരും. ഏറ്റവും വലിയ ബുദ്ധിമുട്ട് വരുക നാസ പോലുള്ള സ്ഥാപനങ്ങൾക്കാണ്. സ്പേസ് ക്രാഫ്റ്റിന്റെ നാവിഗേഷൻ, സാറ്റലൈറ്റ് അലൈൻമെന്റ്, സ്പേസ് കമ്യൂണിക്കേഷൻ എന്നിവയെല്ലാം ഒരു മില്ലി സെക്കൻഡ് പോലും വ്യത്യാസമില്ലാതെ ഭൂമിയുടെ കറക്കവുമായി കിറുകൃത്യമായി സെറ്റ് ചെയ്തിട്ടുള്ളതാണ്. അതിന് മാറ്റം വരാം.
സാധാരണഗതിയിൽ ഭൂമിയുടെ കറക്കം വ്യത്യാസപ്പെടാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇപ്പോൾ വന്ന വ്യതിയാനം താൽക്കാലികമായിരിക്കാമെന്നും അവർ നിരീക്ഷിക്കുന്നു. സ്പേസ് ഏജൻസികളും ശാസ്ത്രജ്ഞരും ഇതിനെ ഒരു അപൂർവ പ്രതിഭാസമായാണ് കണക്കാക്കുന്നത്.
ഭൂമിയുടെ പുറത്തും ഉള്ളിലും നടക്കുന്ന പല മാറ്റങ്ങളും ഭൂമിയുടെ വേഗതയെ ബാധിക്കാം. ഗ്ലേസിയറുകൾ ചെറുതാകുമ്പോൾ, ഉരുകിയ ജലം ഒഴുകി കടലിൽ ചേരുമ്പോൾ, വലിയ കൊടുങ്കാറ്റുകൾ, തിരമാലകളിലെ മാറ്റം ഇതൊക്കെ ഭൂമിയുടെ വേഗതയെ ബാധിക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അവർ ഭൂമിയെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്.
What happens on Earth in a millisecond: The impact of increasing speed