എന്താണ് ബുദ്ധി? പലർക്കും പല ഉത്തരങ്ങളായിരിക്കും. അക്കാദമിക കാര്യങ്ങളിൽ, പ്രത്യേകിച്ചും കണക്കിലും സയൻസിലുമൊക്കെ മികവ് പുലർത്തുന്നവർ മാത്രമാണ് ബുദ്ധിയുള്ളവർ എന്ന ധാരണ വെച്ചുപുലർത്തുന്നവരാണ് മിക്കവരും. എന്നാൽ, അത് ശരിയല്ല. ശാസ്ത്രം ബുദ്ധിയെ അളക്കുന്നതിന് മറ്റ് പല മാനദണ്ഡങ്ങളുമുണ്ട്.
ഡെവലപ്മെൻറ് സൈക്കോളജിസ്റ്റായ ഹോവാർഡ് ഗാർഡ്നറുടെ സിദ്ധാന്തം അനുസരിച്ച്, മനുഷ്യരുടെ ബുദ്ധിശക്തിയെ എട്ടായി തരംതിരിക്കാം. 1983-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘ഫ്രെയിംസ് ഓഫ് മൈൻഡ്: ദി തിയറി ഓഫ് മൾട്ടിപ്പിൾ ഇൻ്റലിജൻസസ്’ എന്ന ഗ്രന്ഥത്തിലാണ് ഈ സിദ്ധാന്തം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇതിനുപുറമെ ഒമ്പതാമതൊരു തരം ബുദ്ധിശക്തികൂടി സൈക്കോളജിസ്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ താഴെ നൽകുന്നു. ഇതിൽ ഏതുതരം ബുദ്ധിജീവിയാണ് നിങ്ങൾ എന്ന് സ്വയം തീരുമാനിക്കൂ.
- ലിംഗ്വിസ്റ്റിക് (Linguistic Intelligence): വാക്കുകൾ, ഭാഷ എന്നിവ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ് (ഉദാ: കവികൾ, എഴുത്തുകാർ).
- ലോജിക്കൽ-മാത്തമാറ്റിക്കൽ (Logical-Mathematical Intelligence): പ്രശ്നപരിഹാരം, സംഖ്യാ വിശകലനം എന്നിവയ്ക്കുള്ള കഴിവ് (ഉദാ: ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ).
- മ്യൂസിക്കൽ (Musical Intelligence): സംഗീതപരമായ കാര്യങ്ങൾ ഗ്രഹിക്കാനും സൃഷ്ടിക്കാനും അഭിനന്ദിക്കാനുമുള്ള കഴിവ് (ഉദാ: സംഗീതസംവിധായകർ, സംഗീതജ്ഞർ).
- ബോഡിലി-കൈനസ്തെറ്റിക് (Bodily-Kinesthetic Intelligence): ശാരീരിക ചലനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് (ഉദാ: കായികതാരങ്ങൾ, നർത്തകർ).
- സ്പേഷ്യൽ (Spatial Intelligence): വസ്തുക്കളെയോ ഇടങ്ങളെയോ ദൃശ്യവൽക്കരിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ് (ഉദാ: ആർക്കിടെക്റ്റുകൾ, ഗ്രാഫിക് ഡിസൈനർമാർ).
- ഇന്റർപേഴ്സണൽ (Interpersonal Intelligence): മറ്റുള്ളവരെ മനസ്സിലാക്കുന്നതിലും അവരുമായി ഫലപ്രദമായി ഇടപഴകുന്നതിലുമുള്ള കഴിവ് (ഉദാ: അധ്യാപകർ, കൗൺസലർമാർ).
- ഇൻട്രാപേഴ്സണൽ (Intrapersonal Intelligence): സ്വയം അവബോധവും ആത്മപരിശോധന നടത്താനുമുള്ള കഴിവ് (ഉദാ: തത്ത്വചിന്തകർ, തെറാപ്പിസ്റ്റുകൾ).
- നാച്വറലിസ്റ്റിക് (Naturalistic Intelligence): പ്രകൃതിയെയും പരിസ്ഥിതികളെയും തരംതിരിക്കാനും സംവദിക്കാനുമുള്ള കഴിവ് (ഉദാ: ജീവശാസ്ത്രജ്ഞർ).
- എക്സിസ്റ്റൻഷ്യൽ (Existential Intelligence): അസ്തിത്വത്തെയും പ്രപഞ്ചത്തെയും കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള പ്രവണത.
What is intelligence? Human intelligence can be classified into eight categories; which type are you?