എബി മക്കപ്പുഴ
വാഷിങ്ടൺ ഡി.സി.: അടുത്ത കാലത്ത് നിയമമാക്കിയ ഡൊണാൾഡ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ അമേരിക്കയിലുടനീളമുള്ള ആളുകൾക്ക് കിട്ടാവുന്ന സാമ്പത്തിക ലാഭം വ്യക്തമാക്കുന്ന ഒരു ഇന്ററാക്ടീവ് മാപ്പ് വൈറ്റ് ഹൗസ് പുറത്തിറക്കി.
ട്രംപിന്റെ രണ്ടാം തവണത്തെ ഭരണത്തിൽ ഒരു പ്രധാന വിജയമായി കണക്കാക്കുന്ന ഈ നിയമം 2017-ൽ ട്രംപ് നടപ്പിലാക്കിയ നികുതി ഇളവുകൾ സ്ഥിരമാക്കുകയും, പുതിയ നികുതി ഇളവുകൾ അവതരിപ്പിക്കുകയും, ചില പരിസ്ഥിതി സൗഹൃദ നികുതി ആനുകൂല്യങ്ങൾ റദ്ദാക്കുകയും ചെയ്യുന്നു.
ഈ പദ്ധതിയുടെ ഭാഗമായി ഓരോ സംസ്ഥാനത്തും എത്രത്തോളം വേതന വർധനവ് പ്രതീക്ഷിക്കാം, എത്ര നികുതി ഇളവുകൾ ലഭിക്കും, അതുപോലെ മുതിർന്ന പൗരന്മാർക്കും ജോലി ചെയ്യുന്ന കുടുംബങ്ങൾക്കും എത്ര പണം ലാഭിക്കാം തുടങ്ങിയ വിവരങ്ങളും വ്യക്തമാക്കുന്നു.
എല്ലാ വരുമാനക്കാർക്കും കുറഞ്ഞ നികുതി നിരക്കുകൾ, സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ വർധനവ്, ചൈൽഡ് ടാക്സ് ക്രെഡിറ്റിന്റെ വർധനവ്, ടിപ്പുകൾക്കും ഓവർടൈമിനും സാമൂഹിക സുരക്ഷാ വരുമാനത്തിനും നികുതി ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, മെഡികെയർ, ഫുഡ് സ്റ്റാമ്പുകൾ തുടങ്ങിയ ക്ഷേമ പദ്ധതികളിൽനിന്ന് ട്രില്യൺ കണക്കിന് ഡോളർ വെട്ടിച്ചുരുക്കുന്നു എന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.
ചില സാഹചര്യങ്ങളിൽ മെഡികെയർ ആനുകൂല്യം ലഭിക്കുന്നതിന് തൊഴിൽ ആവശ്യകതകളും ഈ ബിൽ ഏർപ്പെടുത്തുന്നതായാണ് വ്യക്തമാക്കുന്നത്. കൂടാതെ വൈറ്റ് ഹൗസ് പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ ഓരോ സംസ്ഥാനത്തിലെയും ശരാശരി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്.
രണ്ട് കുട്ടികളുള്ള ഒരു നാലംഗ കുടുംബത്തിന് ശരാശരി 8,500 ഡോളർ മുതൽ 12,500 ഡോളർ വരെ അധിക വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഏകദേശം 6 ദശലക്ഷം മുതിർന്ന പൗരന്മാർക്ക് സാമൂഹിക സുരക്ഷാ നികുതി ഇളവിൽനിന്ന് പ്രയോജനം ലഭിക്കുമെന്നാണ് വിവരം.
അതേസമയം, ഓരോ ആളുകൾക്ക് ശമ്പളത്തിൽ 3,700 ഡോളർ മുതൽ 6,600 ഡോളർ വരെ വർധനവും വീട്ടിലെത്തുന്ന വരുമാനത്തിൽ 7,300 ഡോളർ മുതൽ 10,300 ഡോളർ വരെയും വർധനവ് പ്രതീക്ഷിക്കാം. കൂടാതെ വൈറ്റ് ഹൗസിന്റെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ വ്യക്തമായി നൽകിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിലെയും നികുതി ഇളവുകൾ, വേതന വർധനവ് എന്നിവ മുതിർന്ന പൗരന്മാർക്കും സാധാരണക്കാർക്കും കൂടുതൽ ഉപകാരപ്രദമാകുന്നു എന്നത് വ്യക്തമാക്കുന്നു.
ട്രംപിന്റെ മുൻ ഭരണകാലത്തെ നികുതി ഇളവുകൾ സ്ഥിരീകരിക്കുകയും പുതിയ ഇളവുകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ, സാധാരണ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വേതന വർധനവും നികുതി ലാഭവും ഉണ്ടാകാനാണ് സാധ്യത.
കാലിഫോർണിയ, നെബ്രാസ്ക, ഈസ്റ്റ് കോസ്റ്റ് എന്നിവയിലെ ആളുകൾക്ക് 11,700 ഡോളർ വരെ വർധനവ് ലഭിക്കുമെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.
പുതിയ ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ വലിയ കുതിപ്പിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
White House Releases Interactive Map Showing Potential Financial Benefits of ‘One Big Beautiful Bill’ for Americans