ഇലോൺ മസ്‌കിന്റെ ‘അമേരിക്ക പാർട്ടി’ യുഎസ് രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിക്കുമോ?

ഇലോൺ മസ്‌കിന്റെ ‘അമേരിക്ക പാർട്ടി’ യുഎസ് രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിക്കുമോ?

വാഷിങ്ടൺ: “നിങ്ങൾക്ക് ഒരു പുതിയ രാഷ്ട്രീയ പാർട്ടി വേണം, അത് നിങ്ങൾക്ക് ലഭിക്കും, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകും.” – ഈ വാക്കുകളോടെയാണ് ടെസ്‌ല മേധാവി ഇലോൺ മസ്‌ക് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ ‘അമേരിക്ക പാർട്ടി’ പ്രഖ്യാപിച്ചത്. മുൻപ് ഡൊണാൾഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനായിരുന്ന മസ്‌ക്, ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ പാസായതിന് പിന്നാലെയാണ് സ്വന്തം പാർട്ടിയുമായി രംഗപ്രവേശം ചെയ്തത്. മസ്‌കിന്റെ ഈ നീക്കം യുഎസ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്താണ് മസ്‌കിന്റെ ലക്ഷ്യം?

2026-ലെ ഇടക്കാല തിരഞ്ഞെടുപ്പാണ് മസ്‌കിന്റെ പ്രധാന ലക്ഷ്യം. സെനറ്റിൽ രണ്ടോ മൂന്നോ സീറ്റുകളും ജനപ്രതിനിധി സഭയിൽ എട്ടുമുതൽ പത്തുവരെ സീറ്റുകളും നേടാനാണ് ‘അമേരിക്ക പാർട്ടി’ ലക്ഷ്യമിടുന്നത്. നിലവിൽ കോൺഗ്രസിൽ ഇരു പാർട്ടികൾക്കും നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. അതിനാൽ, ചുരുക്കം ചില സീറ്റുകൾ നേടിയാൽ പോലും പ്രധാന നിയമനിർമ്മാണങ്ങളിൽ നിർണായക ശക്തിയായി മാറാൻ ‘അമേരിക്ക പാർട്ടി’ക്ക് സാധിക്കും. ഇത് സാധാരണ ജനങ്ങളെ സഹായിക്കുമെന്നാണ് മസ്‌കിന്റെ പക്ഷം.

റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടി

പ്രസിഡന്റ് ട്രംപിന്റെ അടുത്ത സുഹൃത്തും സർക്കാർ ചെലവ് നിയന്ത്രിക്കുന്ന വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ (DOJ) അധ്യക്ഷനുമായിരുന്ന മസ്‌ക് സ്വന്തമായി പാർട്ടി രൂപീകരിച്ചത് റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമായ ഏകദേശം 277 മില്യൺ ഡോളർ മസ്‌ക് സംഭാവന നൽകിയിട്ടുണ്ട്. സ്വന്തം പാർട്ടി രൂപീകരിച്ചതോടെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള സാമ്പത്തിക സഹായം നിലയ്ക്കുമെന്നു മാത്രമല്ല, വോട്ടുകൾ നഷ്ടപ്പെടാനും ഇത് കാരണമാകും. യാഥാസ്ഥിതികരായ വോട്ടർമാരിലും സ്വതന്ത്ര ചിന്താഗതിക്കാരിലും സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്നവരിലും മസ്‌കിന് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കും.

അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രവചനാതീതത്വം

ഇടക്കാല തിരഞ്ഞെടുപ്പിൽ ‘അമേരിക്ക പാർട്ടി’ കുറഞ്ഞ സീറ്റുകൾ നേടിയാൽ പോലും തീരുമാനമെടുക്കുന്നതിൽ നിർണായക ശക്തിയായി മാറും. ഇത് നയപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും, നിലവിലുള്ള പാർട്ടികൾ തമ്മിൽ കൂടുതൽ തർക്കങ്ങൾ ഉണ്ടാകുന്നതിനും വഴിയൊരുക്കും. ഇതോടെ അമേരിക്കൻ രാഷ്ട്രീയം കൂടുതൽ പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ രണ്ട് പാർട്ടികൾക്കാണ് മുൻഗണന. അതിനാൽ ഒരു പുതിയ പാർട്ടിക്ക് വിജയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ മസ്‌കിനെ സംബന്ധിച്ചിടത്തോളം സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹത്തിന് ധാരാളം പണമുണ്ട്, ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്നായ ‘എക്സ്’ (X) അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്, അതുവഴി ദശലക്ഷക്കണക്കിന് ആളുകളുമായി നേരിട്ട് സംവദിക്കാൻ സാധിക്കും. കൂടാതെ, ആഗോള തലത്തിൽ അദ്ദേഹം ഏറെ പ്രശസ്തനുമാണ്.

വെല്ലുവിളികളും തന്ത്രങ്ങളും

എങ്കിലും ‘അമേരിക്ക പാർട്ടി’ക്ക് മുന്നോട്ട് പോകാൻ നിരവധി കടമ്പകളുണ്ട്. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞും നിലനിൽക്കണമെങ്കിൽ താഴെത്തട്ടിൽ ശക്തമായ സ്വാധീനവും വ്യക്തമായ ആശയങ്ങളും വ്യത്യസ്ത വിഭാഗം ആളുകളെ ആകർഷിക്കാനുള്ള കഴിവും ആവശ്യമാണ്. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പ് ‘അമേരിക്ക പാർട്ടി’ക്ക് നിർണ്ണായകമാണ്. ഭൂരിപക്ഷം കുറവുള്ള മണ്ഡലങ്ങളിൽ വിജയിക്കുക എന്നതാണ് മസ്‌കിന്റെ പ്രധാന ലക്ഷ്യം.

ഈ തന്ത്രത്തെ പുരാതന ഗ്രീക്ക് സൈനിക തന്ത്രജ്ഞനായ എപമിനോണ്ടാസിന്റെ ല്യൂക്ട്രയിലെ തന്ത്രവുമായി മസ്‌ക് താരതമ്യം ചെയ്യുന്നു. ഒരു ചെറിയ ശക്തി ഉപയോഗിച്ച് വലിയ ശക്തിയെ തകർക്കുന്ന രീതിയാണിത്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികളുടെ ‘യൂണിപാർട്ടി’ സമ്പ്രദായത്തെ സ്പാർട്ടൻ സൈന്യത്തോടാണ് മസ്‌ക് ഉപമിക്കുന്നത്. ഇലോൺ മസ്‌കിന്റെ ഈ പുതിയ രാഷ്ട്രീയ നീക്കം യുഎസ് രാഷ്ട്രീയത്തിൽ എന്ത് മാറ്റങ്ങളാണ് കൊണ്ടുവരുകയെന്ന് ഉറ്റുനോക്കുകയാണ് ലോകം.

Will Elon Musk’s ‘America Party’ start a new chapter in US politics?

Share Email
Top