ന്യൂ ജേഴ്‌സി: ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1995 ജൂലൈയിൽ ജേഴ്‌സിയിൽ സ്ഥാപിതമായ വേൾഡ് മലയാളി കൗൺസിൽ (WMC) മുപ്പതാം വാർഷികത്തിൻ്റെ നിറവിൽ. പ്രവാസികളായ മലയാളികളുടെ ഉന്നമനത്തിനായി മുപ്പത് വർഷത്തെ നിസ്വാർത്ഥ സേവനമാണ് ഈ സംഘടന കാഴ്ചവെച്ചത്.
ചരിത്രവും സമ്മേളനങ്ങളും: 1995-ൽ ജേഴ്‌സിയിൽ നടന്ന ആദ്യ ലോക മലയാളി കൺവെൻഷനിലാണ് WMC രൂപം കൊണ്ടത്. തുടർന്നുള്ള വർഷങ്ങളിൽ വിവിധ രാജ്യങ്ങളിലായി നിരവധി ആഗോള സമ്മേളനങ്ങൾക്ക് WMC ആതിഥേയത്വം വഹിച്ചു:
- 1998 ജനുവരി: കൊച്ചി, കേരളം
- 2000: ഡാളസ്, ടെക്സസ്, യു.എസ്.എ.
- 2002: ഡിങ്ഡൻ, ജർമ്മനി
- 2004: ബഹ്‌റൈൻ
- 2006: കൊച്ചി, കേരളം
- 2008: സിംഗപ്പൂർ
- 2010: ദോഹ, ഖത്തർ
- 2012: ഡാളസ്, ടെക്സസ്
- 2014: കുമരകം, കൊച്ചി
- 2016: കൊളംബോ, ശ്രീലങ്ക
- 2018: ബോൺ, ജർമ്മനി
- 2022: ബഹ്‌റൈൻ
- 2024: തിരുവനന്തപുരം, കേരളം
WMC-യുടെ അടുത്ത ആഗോള സമ്മേളനം 2026 ഓഗസ്റ്റിൽ ഡാളസ്, ടെക്സസിൽ വെച്ച് നടക്കും. അമേരിക്ക റീജിയൻ ദ്വിവത്സര സമ്മേളനം 2026 മാർച്ചിൽ ന്യൂജേഴ്‌സിയിൽ വെച്ചും നടത്തപ്പെടും.
സംഘടനയിൽ നിന്ന് പിരിഞ്ഞുപോയ ഒരു വിഭാഗം പതിനാലാമത് കോൺഫറൻസ് നടത്തുമ്പോൾ, യഥാർത്ഥ WMC തങ്ങളുടെ പതിനഞ്ചാമത് ആഗോള സമ്മേളനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും: ആതുരസേവനത്തിന് മുൻഗണന നൽകി പ്രവർത്തിക്കുന്ന WMC, ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ നെറ്റ്uവർക്ക് സംഘടനയായി വളർന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് WMC നേതൃത്വം നൽകിയിട്ടുണ്ട്:
- പത്തനാപുരം ഗാന്ധിഭവനിൽ ഫിലാഡൽഫിയ പ്രൊവിൻസിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഒക്ടോബർ 2-ന് 25 നിർധനരായ യുവതീയുവാക്കളുടെ വിവാഹം നടത്തുന്നു.
- പുനലൂർ ജില്ലാ ആശുപത്രിയിലേക്ക് 25 ടിവി മോണിറ്ററുകൾ സംഭാവന ചെയ്തു.
- കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ കൂടെ വരുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നതിനായി അഞ്ച് മുറികൾ സജ്ജീകരിച്ചു.
- വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി 25 വീടുകൾ സ്പോൺസർ ചെയ്തു.
- 100 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി.
- അമേരിക്ക റീജിയൻ നാട്ടിൽ 14 വീടുകൾ നിർമ്മിച്ച് നൽകി.
നേതൃത്വവും ഘടനയും: മുൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷൻ ചെയർമാനായി ആരംഭിച്ച ഈ പ്രസ്ഥാനത്തെ കെ.പി.പി. നമ്പൂതിരി (കേരളം), ലേഖ ശ്രീനിവാസൻ (കേരളം), പത്മവിഭൂഷൺ ഡോ. ഇ.സി.ജി. സുദർശൻ (ഓസ്റ്റിൻ), ഡോ. ബാബു പോൾ (കേരളം), ആൻഡ്രൂ പാപ്പച്ചൻ (ന്യൂജേഴ്‌സി), സോമൻ ബേബി (ബഹ്‌റൈൻ), ജോളി തടത്തിൽ (ജർമ്മനി), ഡോ. ഇബ്രാഹിം ഹാജി (ദുബായ്), ഗോപാല പിള്ള (ഡാളസ്), ജോൺ മത്തായി (ഷാർജ) തുടങ്ങിയ മഹത് വ്യക്തിത്വങ്ങളാണ് വളർത്തിയെടുത്തത്.
നിലവിൽ ഗോപാല പിള്ള (ചെയർമാൻ), ജോൺ മത്തായി (പ്രസിഡൻ്റ്), ക്രിസ്റ്റഫർ വർഗീസ് (ജനറൽ സെക്രട്ടറി), ശശികുമാർ നായർ (ട്രഷറർ) എന്നിവരടങ്ങുന്ന ഭരണസമിതിയാണ് WMC-യെ നയിക്കുന്നത്.

ഭരണപരമായ സൗകര്യങ്ങൾക്കായി ആറ് റീജിയനുകളായും അറുപതോളം പ്രൊവിൻസുകളായും WMC പ്രവർത്തിക്കുന്നു. വുമൺസ് ഫോറം, യൂത്ത് ഫോറം, ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം, എൻ.ആർ.കെ. ഫോറം, എഡ്യൂക്കേഷണൽ ഫോറം, ആർട് ആൻഡ് കൾച്ചറൽ ഫോറം എന്നിവ WMC-യുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി പ്രവർത്തിക്കുന്ന പോഷക സംഘടനകളാണ്.
പേറ്റൻ്റും ട്രേഡ്മാർക്കും: WMC-യുടെ പേരും ലോഗോയും അമേരിക്ക, യൂറോപ്പ്, യു.കെ., ഒമാൻ, യു.എ.ഇ., സിംഗപ്പൂർ, റഷ്യ, കാനഡ, ഫിലിപ്പീൻസ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ എന്ന പേരും ലോഗോയും WMC-യുടേത് മാത്രമാണെന്നും, അനധികൃതമായി ഇവ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ അറിയിച്ചു.
പ്രസിഡൻഷ്യൽ വളൻ്ററി സർവീസ് അവാർഡ് നൽകാൻ അംഗീകാരമുള്ള ഏക മലയാളി സംഘടന കൂടിയാണ് വേൾഡ് മലയാളി കൗൺസിൽ.
World Malayali Council completes 30 years: Three decades of service to the diaspora