ബംഗ്ലാദേശ് വിമാനാപകടം; മരണം 25 ആയി

ബംഗ്ലാദേശ് വിമാനാപകടം; മരണം 25 ആയി

ധാക്ക: തിങ്കളാഴ്ച ഉച്ചയ്ക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. മരിച്ചവരിൽ ഭൂരിപക്ഷവും വിദ്യാർഥികളാണ്. അപകടത്തിൽ 171 പേർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഏകദേശം രണ്ട് ഡസനോളം പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ചൈനീസ് നിർമ്മിത എഫ്-7 ബിജിഐ പരിശീലന വിമാനമാണ് ഇന്നലെ തകർന്നുവീണത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:06 നായിരുന്നു അപകടം. പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം സാങ്കേതിക തകരാർ അനുഭവപ്പെട്ടതോടെ സമീപമുള്ള മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കാമ്പസിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ചൊവ്വാഴ്ച സർക്കാർ ദേശീയ ദുഃഖാചരണ ദിനം പ്രഖ്യാപിച്ചു. രാജ്യമെമ്പാടും പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിട്ടുണ്ട്.

ബംഗ്ലാദേശ് തലസ്ഥാനത്ത് സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്. 2008-ൽ ധാക്കയ്ക്ക് പുറത്ത് മറ്റൊരു എഫ്-7 പരിശീലന ജെറ്റ് തകർന്നുവീണ് പൈലറ്റ് മരിച്ചിരുന്നു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം പുറത്തേക്ക് ചാടിയെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല.

Share Email
Top