‘ഗാസയിലെ യുദ്ധം ഇപ്പോൾ അവസാനിക്കണം’: സംയുക്ത പ്രസ്താവനയുമായി യുകെ അടക്കമുള്ള രാജ്യങ്ങൾ

‘ഗാസയിലെ യുദ്ധം ഇപ്പോൾ അവസാനിക്കണം’: സംയുക്ത പ്രസ്താവനയുമായി യുകെ അടക്കമുള്ള രാജ്യങ്ങൾ

ലണ്ടൻ: ഗാസയിലെ യുദ്ധം “ഇപ്പോൾ അവസാനിപ്പിക്കണം” എന്ന സംയുക്ത പ്രസ്താവനയുമായി ബ്രിട്ടൻ, ജപ്പാൻ അടക്കം ഇരുപത്തിയെട്ട് രാജ്യങ്ങൾ. ഇസ്രായേലിന്റെ ഗാസയിലെ ആക്രമണം രൂക്ഷമാകുന്നതിനനുസരിച്ച് സഖ്യകക്ഷികളുടെ ഭാഷയുടെ മൂർച്ച കൂട്ടുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്.

ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ “ഗാസയിലെ സാധാരണക്കാരുടെ ദുരിതം പുതിയ ആഴങ്ങളിലെത്തി” എന്ന് പറഞ്ഞു. കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൊലപ്പെടുത്തുന്നതിനെയും അവർ അപലപിച്ചു. സഹായം തേടിയെത്തിയ 800-ലധികം പലസ്തീനികളുടെ മരണത്തെ “ഭയാനക”മെന്നാണ് പ്രസ്താവനയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

“ഇസ്രായേൽ സർക്കാരിന്റെ സഹായ വിതരണ മാതൃക അപകടകരമാണ്, ഇസ്രായേൽ സർക്കാർ സാധാരണ ജനങ്ങൾക്ക് അവശ്യ മാനുഷിക സഹായം നിഷേധിക്കുന്നത് അസ്വീകാര്യമാണ്. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള ബാധ്യതകൾ ഇസ്രായേൽ പാലിക്കണം.- തുടങ്ങിയ കാര്യങ്ങളാണ് പ്രസ്താവനയിലുള്ളത്.

അതേസമയം “യുദ്ധം തുടരുന്നതിനും ഇരുവശത്തുമുള്ള നാശനഷ്ടങ്ങൾക്കും ഉത്തരവാദി ഹമാസ് മാത്രമാണ്” എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറൻ മാർമോർസ്റ്റീൻ എക്സിൽ കുറിച്ചിട്ടുണ്ട്. ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ പലരുടെയും പ്രസ്താവന നിരസിച്ചിട്ടുണ്ട്.

Share Email
Top