കൊല്ലം: പത്തനാപുരത്തെ ക്ലിനിക്കിൽ അതിക്രമിച്ച് കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കാരമൂട് സ്വദേശി സൽദാനെ (25) പോലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ട് ഏഴുമണിയോടെ ക്ലിനിക്കിൽ മറ്റ് ജീവനക്കാരില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമിച്ച് കയറിയത്. ഡോക്ടറെ കടന്നുപിടിച്ചപ്പോൾ ബഹളം വെക്കാൻ ശ്രമിച്ചെങ്കിലും പ്രതി ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇയാളിൽ നിന്ന് കുതറിമാറിയ ഡോക്ടർ നാട്ടുകാരെ വിളിച്ചുകൂട്ടുകയും രക്ഷപ്പെടുകയും ചെയ്തു.
നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പത്തനാപുരം പോലീസ് സൽദാനെ പിടികൂടി.
പ്രതിയെ കടയ്ക്കൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയെങ്കിലും 31വരെ ഇടക്കാല ജാമ്യം അനുവദിച്ചു വിട്ടയച്ചു. പത്തനാപുരം മജിസ്ട്രേട്ട് അവധിയിലാണ്. 31ന് പത്തനാപുരം കോടതിയിൽ കേസ് പരിഗണിക്കും. 26ന് വൈകിട്ട് 6.30ന് പത്തനാപുരം കല്ലുംകടവിലെ ദന്താശുപത്രിയിലായിരുന്നു സംഭവം. ഡോക്ടർക്ക് പരിക്കുണ്ട്.
അമ്മയെ ദന്ത ചികിത്സയ്ക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്. പത്തനാപുരം പൊലീസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകും.
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരം കേസെടുത്താൽ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവർഷം തടവ്, 50,000 രൂപ പിഴ എന്നിവയാണ് ശിക്ഷ. എന്നിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചു.
Youth arrested for trying to break into clinic in Kollam and rape female doctor