ഇൻ്റർഫേസിൽ നിന്ന് ഉള്ളടക്കം കണ്ടെത്തുന്ന രീതി അടിമുടി മാറ്റാൻ ഒരുങ്ങി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ഈ മാസം ഇരുപത്തിയൊന്നോടുകൂടി നിലവിൽ ലഭ്യമായ ട്രെൻഡിംഗ് പേജും ട്രെൻഡിംഗ് നൗ ലിസ്റ്റും നീക്കം ചെയ്യാനാണ് യൂട്യൂബ് ഒരുങ്ങുന്നത്. പകരം ഇനി മുതൽ കാറ്റഗറി-നിർദ്ദിഷ്ട ചാർട്ടുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനാണ് പ്ലാറ്റ്ഫോം പദ്ധതിയിടുന്നത്.നിർദ്ദിഷ്ട വിഭാഗങ്ങളിലെ ഏറ്റവും ജനപ്രിയമായ ഉള്ളടക്കം ഹൈലൈറ്റ് ചെയ്യുന്ന ഫീച്ചറാണിത്. കഴിഞ്ഞ അഞ്ച് വർഷമായി ട്രെൻഡിംഗ് പേജുകളിലേക്കുള്ള ഉപയോക്താക്കളുടെ വരവിൽ ഗണ്യമായ കുറവ് ഉണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് യൂട്യൂബ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
എന്താണ് യൂട്യൂബിൻ്റെ പുതിയ കാറ്റഗറി-നിർദ്ദിഷ്ട ചാർട്ടുകൾ:
ട്രെൻഡിംഗ് മ്യൂസിക് വീഡിയോകൾ, വീക്കിലി ടോപ്പ് പോഡ്‌കാസ്റ്റ് ഷോകൾ, ട്രെൻഡിംഗ് മൂവി ട്രെയിലറുകൾ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിന് പുറമേ മറ്റ് ചില വിഭാഗങ്ങൾ കൂടി ഈ ചാർട്ടിലേക്ക് ചേർക്കാൻ യൂട്യൂബ് പദ്ധതിയിടുന്നുണ്ട്. ട്രെൻഡിംഗ് ഉള്ളടക്കം പ്രദർശിപ്പിക്കുക മാത്രമല്ല, ഉപയോക്താക്കളുടെ കാഴ്ചാ മുൻഗണനകളെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ ശുപാർശകളും കാറ്റഗറി-നിർദ്ദിഷ്ട ചാർട്ടുകളിൽ നിന്ന് ലഭിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാകുന്നത്. കാഴ്ചക്കാർക്ക് എക്സ്പ്ലോർ മെനുവിലൂടെയോ, ക്രിയേറ്റർ ചാനലുകൾ സന്ദർശിച്ചോ, അവരുടെ സബ്സ്ക്രിപ്ഷൻ ഫീഡ് പരിശോധിച്ചോ വ്യക്തിപരമാക്കാത്ത ഉള്ളടക്കം കണ്ടെത്താൻ കഴിയും എന്നതാണ് ഈ ഫീച്ചറിൻ്റെ മറ്റൊരി സവിശേഷത.
യൂട്യൂബ് ക്രിയേറ്റർമാർക്കായി ഇൻസ്പിറേഷൻ ടാബ്
അതേസമയം ട്രെൻഡുകൾ തിരിച്ചറിയുന്നതിനും ട്രെൻഡിംഗ് ആശയങ്ങൾക്ക് പ്രചോദനം കണ്ടെത്തുന്നതിനും കണ്ടൻ്റ് ക്രിയേറ്റർമാർ ഉപയോഗിച്ചുവന്ന ഒന്നാണ് ട്രെൻഡിംഗ് പേജ്. യൂട്യൂബ് സ്റ്റുഡിയോയിലെ ഇൻസ്പിറേഷൻ ടാബ്, കണ്ടൻ്റ് ക്രിയേറ്റർമാർക്ക് അവരുടെ ചാനലുകൾക്കായി ഉയർന്നുവരുന്ന ട്രെൻഡുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് വ്യക്തിഗതമാക്കിയ നിർദ്ദേശങ്ങൾ നൽകുന്നത് തുടരുമെന്ന് പ്ലാറ്റ്‌ഫോം എടുത്തുകാണിച്ചിട്ടുണ്ട്. കൂടാതെ, പുതുതായി ആ രംഗത്തേയ്ക്ക് കടന്നുവരുന്ന കണ്ടൻ്റ് ക്രിയേറ്റർമാരെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ സവിശേഷതകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും യൂട്യൂബ് അണിയറയിൽ ഒരുക്കുന്നുണ്ട്. കാഴ്ചക്കാർക്ക് അവർ ഇഷ്ടപ്പെടുന്ന പുതിയ വീഡിയോകൾ പ്രൊമോട്ട് ചെയ്യാൻ സാധിക്കുന്ന ‘ഹൈപ്പ്’ ഫീച്ചർ അടക്കം ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.