ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച എസ്.യു.വി കനാലിലേക്ക് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ ബെൽവ ബഹുത പ്രദേശത്താണ് അപകടം സംഭവിച്ചത്. അയോധ്യയിലെ പൃഥ്വിനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്രക്കിടെ 15 പേരുമായി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
അമിതവേഗതയിലായിരുന്നു വാഹനം, ഇതേ തുടർന്നാണ് ഡ്രൈവർ നിയന്ത്രണം നഷ്ടപ്പെടുകയും കനാലിലേക്ക് മറിയുകയും ചെയ്തത്. നാല് പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തുവെച്ചുതന്നെ 11 പേരും മരിച്ചു.
രക്ഷാപ്രവർത്തനത്തിനായി മുങ്ങൽ വിദഗ്ധരെയും ക്രെയിനിനെയും വിന്യസിച്ചാണ് വാഹനവും മൃതദേഹങ്ങളും പുറത്തെത്തിച്ചത്.
ദാരുണമായ അപകടത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്കു മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അധികൃതരോടു നിർദേശിച്ചു.
11 Pilgrims Killed as SUV Plunges into Canal in UP’s Gonda; CM Yogi Adityanath Announces ₹5 Lakh Ex-Gratia