ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങളിലൂടെ അമേരിക്കൻ പൗരന്മാരിൽ നിന്ന് 350 കോടിയിലധികം രൂപ തട്ടിയെടുത്ത മൂന്നംഗ ഇന്ത്യൻ സംഘത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. പഞ്ചാബിൽ വ്യാജ കോൾ സെന്റർ നടത്തി സാങ്കേതിക സഹായം വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ജിഗർ അഹമ്മദ്, യാഷ് ഖുറാന, ഇന്ദർജീത് സിങ് ബാലി എന്നിവരെയാണ് സി.ബി.ഐ.യും എഫ്.ബി.ഐ.യും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്.
പ്രതികളുടെ താമസസ്ഥലത്തുനിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും 54 ലക്ഷം രൂപയും 8 മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു. 2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇരകളുടെ കമ്പ്യൂട്ടറുകളിലും ബാങ്ക് അക്കൗണ്ടുകളിലും അനധികൃതമായി റിമോട്ട് ആക്സസ് നേടിയശേഷം, അവരുടെ ഫണ്ടുകൾ അപകടത്തിലാണെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ ക്രിപ്റ്റോകറൻസി വാലറ്റുകളിലേക്ക് മാറ്റിക്കുകയായിരുന്നു ഇവരുടെ രീതി.
ഓപ്പറേഷനിടെ, ഒരു നിയമവിരുദ്ധ കോള്‍ സെന്ററില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 34 പേരെ സിബിഐ കൈയോടെ പിടികൂടിയെന്നും പ്രസ്താവനയില്‍ പറയുന്നു. അമൃത്സറിലെ ഖൽസ വനിതാ കോളേജിന് എതിർവശത്തുള്ള ഗ്ലോബൽ ടവറിൽ ‘ഡിജികാപ്സ് ദ ഫ്യൂച്ചർ ഓഫ് ഡിജിറ്റൽ’ എന്ന പേരിൽ പ്രതികൾ നടത്തിവന്ന നിയമവിരുദ്ധ കോൾ സെന്ററിൽ നിന്ന് 34 പേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇവിടെ നടത്തിയ റെയ്ഡിൽ, തട്ടിപ്പിന്റെ വിവരങ്ങളടങ്ങിയ 85 ഹാർഡ് ഡ്രൈവുകൾ, 16 ലാപ്ടോപ്പുകൾ, 44 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഓഗസ്റ്റ് 18-നാണ് സി.ബി.ഐ. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
350 crore fraud by deceiving Americans: CBI arrests three people who were running a fake call center