ഖാര്‍ത്തും: സുഡാനില്‍ പട്ടിണിമൂലം വീടുവിട്ടിറങ്ങിയവര്‍ കഴിയുന്ന അഭയാര്‍ഥി ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തില്‍ 40 നിരപരാധികള്‍ക്ക് ദാരുണാന്ത്യം. വടക്കന്‍ ദര്‍ഫൂറിലെ തലസ്ഥാനനഗരമായ എല്‍-ഫാഷറിന് സമീപം സ്ഥിതി ചെയ്യുന്ന അബുശൈഖ് അഭയാര്‍ഥി ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നത്.
അര്‍ധ സൈനീക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സസ് ആണ് ആക്രമണം നടത്തിയത്. 40 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം പൗരന്‍മാരെ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു ‘എമര്‍ജന്‍സി റെസ്പോണ്‍സ് റൂമ്‌സ്’ എന്ന തദ്ദേശീയ സംഘടന കുറ്റപ്പെടുത്തി.
.രാഷ്ട്രീയ കക്ഷികളില്‍നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന എല്‍-ഫാഷറിലെ റെസിസ്റ്റന്‍സ് കമ്മിറ്റികളും ആക്രമണത്തെ സ്ഥിരീകരിച്ചു. ”നിരപരാധികളായ ജനങ്ങള്‍ക്കെതിരെ നടക്കുന്ന ഈ അതിക്രമങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളാണ്,” കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു.
2023 ഏപ്രിലില്‍ ഖാര്‍ത്തൂമില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 40,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 1.2 കോടി ആളുകള്‍ താമസസ്ഥലങ്ങള്‍ വിട്ടൊഴിയേണ്ടിവന്നു. പലരും പട്ടിണിയുടെവക്കിലുമാണ്.
സുഡാനിലെ സൈന്യവും ആര്‍എസ്എഫും തമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ വൈകുന്നേരം വരെ നീണ്ടതായും ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ത്തതായും 16-ത്തിലധികം യുദ്ധ വാഹനങ്ങള്‍ തകര്‍ക്കുകയും 34 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായും സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
40 killed in attack on refugee camp in Sudan