തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ധ്യയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വര്‍ണ്ണവിസ്മയത്തിലാറാടി. പുതുതായി സ്ഥാപിച്ച അത്യാധുനിക എല്‍ഇഡി ഫ്‌ലഡ്ലൈറ്റുകള്‍ക്ക് തിരി തെളിഞ്ഞപ്പോള്‍, സ്റ്റേഡിയവും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ പ്രകാശപൂരത്തില്‍ മുങ്ങി. ലേസര്‍ ഷോയുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ നടന്ന ഉദ്ഘാടന ചടങ്ങ്, തലസ്ഥാനത്തിന് മറക്കാനാവാത്ത ദൃശ്യാനുഭവമായി മാറി.
ചടങ്ങില്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. അത്യാധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കിയതോടെ സ്റ്റേഡിയം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന നിലയിലേക്ക് ഉയര്‍ന്നുവെന്ന് എം.എല്‍.എ പറഞ്ഞു.
ഇതോടെ, നാല് കൂറ്റന്‍ ടവറുകളില്‍ നിന്നും 392 എല്‍ഇഡി ലൈറ്റുകള്‍ ഒരുമിച്ച് കത്തിയപ്പോള്‍ രാത്രിയെ പകലാക്കുന്ന വെള്ളിവെളിച്ചം സ്റ്റേഡിയത്തില്‍ നിറഞ്ഞു. തൊട്ടുപിന്നാലെയാണ് ഏവരെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ലേസര്‍ ഷോ അരങ്ങേറിയത്. സംഗീതത്തിന്റെ താളത്തിനൊത്ത് വര്‍ണ്ണങ്ങള്‍ വാരിവിതറിയ ലൈറ്റുകളും ആകാശത്ത് വര്‍ണ്ണചിത്രങ്ങള്‍ വരച്ച ലേസര്‍ രശ്മികളും കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.
പുതിയ ഡിഎംഎക്‌സ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയ പ്രകടനമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നത്. പ്രകാശതീവ്രത നിയന്ത്രിച്ചും, സ്‌ട്രോബ് പോലുള്ള സ്‌പെഷ്യല്‍ ഇഫക്ടുകള്‍ നല്‍കിയും, സംഗീതത്തിനനുസരിച്ച് ലൈറ്റുകളെ ചലിപ്പിച്ചും സംഘാടകര്‍ കാണികളെ അമ്പരപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇത്തരം സംവിധാനങ്ങളോടെ, രാജ്യത്തെ മികച്ച സ്റ്റേഡിയങ്ങളുടെ നിരയിലേക്ക് ഗ്രീന്‍ഫീല്‍ഡ് നിലയുറപ്പിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ 18 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. പുതിയ സംവിധാനം കളിക്കാര്‍ക്കും കാണികള്‍ക്കും മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനൊപ്പം എച്ച്.ഡി ബ്രോഡ്കാസ്റ്റിംഗ് നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍, കെ സി എല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍ , കെസിഎ സി.ഇ.ഒ മിനു ചിദംബരം, കെ.സി.എല്‍ ഡയറക്ടര്‍ രാജേഷ് തമ്പി , മുന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍, കെ സിഎയുടെ മറ്റു ഭാരവാഹികള്‍, ടീം ഉടമകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
A dazzling display of light at Karyavattom Greenfield; New floodlights shine brightly