ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി ഉള്ളതുകൊണ്ട് മാത്രം ഇന്ത്യൻ പൗരത്വം തെളിയിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി

ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി ഉള്ളതുകൊണ്ട് മാത്രം ഇന്ത്യൻ പൗരത്വം തെളിയിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി

ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി പോലുള്ള രേഖകൾ കൈവശം വെക്കുന്നതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈകോടതി. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നാരോപിച്ച് പിടികൂടിയ ബംഗ്ലാദേശിൽ നിന്നുള്ള ഒരാൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ ഈ പരാമർശം. വ്യാജമായ രേഖകൾ ഉപയോഗിച്ച് പത്തു വർഷത്തിലേറെ ഇന്ത്യയിൽ താമസിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ ആർക്കൊക്കെ ഇന്ത്യൻ പൗരനാകാമെന്നും പൗരത്വം എങ്ങനെ നേടാമെന്നും വ്യക്തമാക്കുന്നുവെന്നും ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ തിരിച്ചറിയൽ രേഖക്കോ സേവനങ്ങൾക്കോ മാത്രമാണെന്നും ജസ്റ്റിസ് അമിത് ബോർക്കറുടെ ബെഞ്ച് പറഞ്ഞു.

സാധുവായ പാസ്‌പോർട്ടോ യാത്രാ രേഖകളോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി പൗരനെന്ന് ആരോപിക്കപ്പെടുന്ന ബാബു അബ്ദുൽ റഊഫ് സർദാറിന് കോടതി ജാമ്യം നിഷേധിച്ചു. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഇന്ത്യൻ പാസ്‌പോർട്ട് തുടങ്ങിയയുടെ വ്യാജ പതിപ്പുകൾ അദ്ദേഹം സ്വന്തമാക്കിയതായി ആരോപിക്കപ്പെടുന്നു.

1955ൽ പാർലമെന്റ് പൗരത്വ നിയമം പാസാക്കിയിട്ടുണ്ട്. അത് പൗരത്വം നേടുന്നതിനുള്ള സ്ഥിരവും സമ്പൂർണ്ണവുമായ ഒരു സംവിധാനം സൃഷ്ടിച്ചുവെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് ബോർക്കർ ചൂണ്ടിക്കാട്ടി.

‘എന്റെ അഭിപ്രായത്തിൽ, 1955ലെ പൗരത്വ നിയമമാണ് ഇന്ന് ഇന്ത്യയിൽ ദേശീയതയെക്കുറിച്ചുള്ള ചോദ്യങ്ങൾ തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രിക്കുന്നതുമായ നിയമം. ആർക്കൊക്കെ പൗരനാകാം, എങ്ങനെ പൗരത്വം നേടാം, ഏതൊക്കെ സാഹചര്യങ്ങളിൽ അത് നഷ്ടപ്പെടാം എന്നിവ വ്യവസ്ഥ ചെയ്യുന്ന നിയമമാണത്’ -അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപ്രകാരമുള്ള പൗരന്മാർക്കും അനധികൃത കുടിയേറ്റക്കാർക്കും ഇടയിൽ നിയമം വ്യക്തമായ ഒരു രേഖ വരക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു.

പൗരത്വ നിയമത്തിൽ പരാമർശിച്ചിരിക്കുന്ന നിയമപരമായ മിക്ക വഴികളിലൂടെയും അനധികൃത കുടിയേറ്റക്കാരുടെ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് പൗരത്വം നേടുന്നതിന് വിലക്കുണ്ടെന്ന് കോടതി കൂട്ടിച്ചേർത്തു. ‘രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാലും പൗരന്മാർക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഇന്ത്യയിൽ താമസിക്കാൻ നിയമപരമായ പദവിയില്ലാത്തവർ തെറ്റായി കൈയടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാലും ഈ വ്യത്യാസം പ്രധാനമാണ്’ എന്നും കോടതി പറഞ്ഞു.

സർദാറിന് ജാമ്യം നിഷേധിച്ച ബെഞ്ച്, അദ്ദേഹത്തിന്റെ രേഖകളുടെ പരിശോധനയും അന്വേഷണവും ഇപ്പോഴും തുടരുകയാണെന്നും ജാമ്യം നൽകിയാൽ ഒളിവിൽ പോകുമെന്ന പൊലീസിന്റെ ഭയം യഥാർത്ഥ ആശങ്കയാണെന്നും ചൂണ്ടിക്കാട്ടി. കേസിലെ ആരോപണങ്ങൾ ചെറുതല്ല. അനുവാദമില്ലാതെ ഇന്ത്യയിൽ തങ്ങുകയോ അധികകാലം താമസിക്കുകയോ ചെയ്യുന്നതിനെക്കുറിച്ചല്ല, മറിച്ച് ഇന്ത്യൻ പൗരനാണെന്ന് നടിക്കുന്നതിനായി വ്യാജമായ തിരിച്ചറിയൽ രേഖകൾ നിർമിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ചാണെന്നും ഹൈകോടതി പറഞ്ഞു.

ഭാരതീയ ന്യായ സംഹിത, പാസ്‌പോർട്ട് നിയമം, വിദേശികൾക്കുള്ള ഉത്തരവ് എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് സർദാറിനെതിരെ കേസെടുത്തിരിക്കുന്നത്. ആധാർ കാർഡിന്റെ ആധികാരികത സംബന്ധിച്ച് കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇത് പരിശോധിച്ചുവരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, താൻ ഒരു യഥാർഥ ഇന്ത്യൻ പൗരനാണെന്നും ബംഗ്ലാദേശ് പൗരനാണെന്ന് തെളിയിക്കാൻ വിശ്വസനീയവും നിർണായകവുമായ തെളിവുകളൊന്നുമില്ലെന്നും സർദാർ ജാമ്യാപേക്ഷയിൽ പറഞ്ഞു. തന്റെ രേഖകൾ തന്റെ ആദായനികുതി രേഖകളുമായും ബിസിനസ് രജിസ്ട്രേഷനുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും 2013 മുതൽ മുംബൈയിലെ താനെ ജില്ലയിലാണ് താമസിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിയമവിരുദ്ധ കുടിയേറ്റവും തിരിച്ചറിയൽ തട്ടിപ്പും ഉൾപ്പെടുന്ന ഒരു വലിയ സംഘടിത ശൃംഖലയുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

സർദാറിനെതിരായ ആരോപണങ്ങൾ കുടിയേറ്റ മാനദണ്ഡങ്ങളുടെ സാങ്കേതിക ലംഘനത്തിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ഇന്ത്യൻ പൗരത്വ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മനഃപൂർവ്വം തിരിച്ചറിയൽ മറച്ചുവെക്കുകയും വ്യാജ രേഖകൾ സൃഷ്ടിക്കുകയും ചെയ്തതിന്റെ തെളിവാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Aadhaar, PAN Card, or Voter ID Alone Cannot Prove Indian Citizenship, Says Bombay High Court

Share Email
LATEST
Top