നിമിഷപ്രിയയുടെ മോചനം: ആക്ഷൻ കൗൺസിൽ പിൻമാറുന്നു; മോചന പ്രതീക്ഷകൾ അണയുന്നു

നിമിഷപ്രിയയുടെ മോചനം: ആക്ഷൻ കൗൺസിൽ പിൻമാറുന്നു; മോചന പ്രതീക്ഷകൾ അണയുന്നു

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനശ്രമങ്ങൾക്ക് തിരിച്ചടി. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചിരുന്ന ‘സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ’ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതോടെയാണിത്. കെ.എ. പോളിനെപ്പോലെയുള്ളവർക്കൊപ്പം കുടുംബം നിൽക്കുന്ന സാഹചര്യത്തിൽ മുന്നോട്ടുപോകേണ്ടതില്ലെന്നാണ് കൗൺസിലിന്റെ തീരുമാനം.

കൗൺസിൽ പൂർണ്ണമായി പിരിച്ചുവിടുന്നതിനെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ആക്ഷൻ കൗൺസിൽ ലീഗൽ അഡ്വൈസറും സുപ്രീം കോടതിയിലെ അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രൻ പറഞ്ഞു. വധശിക്ഷ നീട്ടിവെച്ച സാഹചര്യത്തിൽ ഇനി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇടപെടേണ്ടതെന്ന നിലപാടാണ് കാന്തപുരം സ്വീകരിച്ചിരിക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം ദിയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ.എ. പോൾ ഈ വിഷയത്തിൽ ഇടപെടുന്നത്. ആക്ഷൻ കൗൺസിൽ ഒരുഭാഗത്ത് ശക്തമായ ഇടപെടൽ നടത്തുമ്പോൾ, പോളിന് പിന്തുണ നൽകുന്ന നിലപാടാണ് നിമിഷപ്രിയയുടെ ഭർത്താവ് ടോമി സ്വീകരിക്കുന്നത്.

ആക്ഷൻ കൗൺസിലിനെതിരെ നിലപാട് സ്വീകരിക്കുന്ന കെ.എ. പോൾ, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇത്തരത്തിൽ പോളിനൊപ്പം കുടുംബം നിൽക്കുന്ന സാഹചര്യത്തിൽ തുടർന്ന് മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കുന്നത്.

നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് കെ.എ. പോൾ പോസ്റ്റ് പങ്കുവെച്ചിരുന്നു. നിമിഷപ്രിയയെ ഇത്രകാലം മോചിപ്പിക്കാത്തതിൽ വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയും മറുപടി പറയണമെന്നും പോൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ കെ.എ. പോൾ വ്യാജ പണപ്പിരിവ് നടത്തുന്നതായി ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കെ.എ. പോൾ നിഷേധിക്കുകയാണ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് വധശിക്ഷ താൽക്കാലികമായി നീട്ടിവെക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും കുടുംബവും യെമനിലേക്ക് പോകുന്നത്.

യെമനിൽ ഒരു ക്ലിനിക് തുടങ്ങാൻ യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയുടെ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ലിനിക് തുടങ്ങിയ ശേഷം തലാൽ നിമിഷപ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുകയും, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് സ്വയംരക്ഷയ്ക്കായി തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് നിമിഷപ്രിയയുടെ വാദം.

Nimishapriya’s release: Action Council withdraws; hopes for release fade

Share Email
Top