അദാനി ട്രിവാൻഡ്രം റോയൽസ് പോണ്ടിച്ചേരിയിൽ പരിശീലനം ആരംഭിച്ചു

അദാനി ട്രിവാൻഡ്രം റോയൽസ് പോണ്ടിച്ചേരിയിൽ പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസൺ- രണ്ടിനു മുന്നോടിയായി  അദാനിട്രിവാൻഡ്രം റോയൽസ്, പോണ്ടിച്ചേരിയിലെ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിന് തുടക്കമിട്ടു. കേരളത്തിലെ മൺസൂൺ കാലയളവിൽ കളിക്കാർക്ക് തടസ്സങ്ങളില്ലാതെ മികച്ച പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം പോണ്ടിച്ചേരിയെ പരിശീലനവേദിയായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വെച്ചാണ് ടീമിന്റെ ഔദ്യോഗിക യാത്രയുടെ ഫ്ലാഗ് ഓഫ് നടന്നത്. ടീം ഉടമയും പ്രോ വിഷൻ സ്പോർട്സ് മാനേജ്‌മെന്റ് ഡയറക്ടറുമായ ജോസ് പട്ടാറയാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. പോണ്ടിച്ചേരിയിലെ പരിശീലന ക്യാമ്പ് ടീമിന്റെ പ്രകടനത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന ടീം പൂർണ ആത്മവിശ്വാസത്തിലാണെന്നും ഇത്തവണത്തെ കെസിഎൽ കിരീടമാണ് ലക്ഷ്യമെന്നും ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് പറഞ്ഞു. പോണ്ടിച്ചേരിയിലെ പരിശീലനം ടീമിന്റെ ഒത്തിണക്കം വർദ്ധിപ്പിക്കാനും പുതിയ തന്ത്രങ്ങൾ മെനയാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കാർക്ക് യാതൊരു തടസ്സങ്ങളുമില്ലാതെ പരിശീലനം നടത്താനും ടീം ഐക്യം മെച്ചപ്പെടുത്താനും പോണ്ടിച്ചേരിയിലെ സൗകര്യങ്ങൾ സഹായിക്കുമെന്ന് മുഖ്യ പരിശീലകൻ മനോജ് എസ് വ്യക്തമാക്കി.

 പ്രമുഖ സംവിധായകൻ പ്രിയദർശനും ജോസ് പട്ടാറയും നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്പോർട്സ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ മുഖ്യ രക്ഷാധികാരി ശശി തരൂർ എംപിയാണ്.

Adani Trivandrum Royals begin training in Pondicherry

Share Email
Top