വാഷിങ്ടണ്‍: ഇന്ത്യയ്ക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികതീരുവ ചുമത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറിയുടെ മുന്നറിയിപ്പ്. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ് ബ്ലൂബര്‍ഗ് ടിവിയോട് പ്രതികരിക്കവെ പറഞ്ഞു. യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കുന്ന ട്രംപ്-പുതിന്‍ കൂടിക്കാഴ്ച പ്രതികൂലഫലം ഉളവാക്കുന്നപക്ഷം ഇന്ത്യയ്ക്കുമേല്‍ അധിക ദ്വിതീയ തീരുവ ട്രംപ് ചുമത്താനിടയുണ്ടെന്ന് ബെസ്സന്റ് വ്യക്തമാക്കി. “റഷ്യന്‍ എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യയ്ക്കുമേല്‍ ദ്വിതീയ തീരുവ ചുമത്തിയിട്ടുണ്ട്. സംഗതികള്‍ നല്ലരീതിയില്‍ നീങ്ങുന്നില്ലെങ്കില്‍ ഉപരോധങ്ങളോ തീരുവ വര്‍ധനയോ ഉണ്ടാകും”, ബെസ്സന്റ് പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് റഷ്യയുടെ പക്കല്‍നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതായി ചൂണ്ടിക്കാട്ടി 25 ശതമാനം കൂടി തീരുവ വര്‍ധിപ്പിച്ചിരുന്നു. യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ ഇന്ത്യ പരോക്ഷമായി റഷ്യയ്ക്ക് സാമ്പത്തികസഹായം നല്‍കിവരുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. നിലവില്‍ ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഈ നടപടി ന്യായീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. തീരുവവര്‍ധനയ്‌ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എണ്ണ ഇറക്കുമതി ദേശീയ സുരക്ഷാവിഷയമാണെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.
വ്യാപാരചര്‍ച്ചകളില്‍ അല്‍പം വിമുഖതയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളതെന്ന് ഫോക്‌സ് ന്യൂസിനോട് ബെസ്സന്റ് പറഞ്ഞു. യുഎസ്-ഇന്ത്യ വ്യാപാരചര്‍ച്ചകള്‍ ഫലപ്രദമാകാതെ വരികയും റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം ചൂണ്ടിക്കാട്ടി ട്രംപ് തുടര്‍ചര്‍ച്ചകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 25 ന് യുഎസില്‍ നിന്നുള്ള പ്രതിനിധിസംഘം ഇന്ത്യയില്‍ എത്തുന്നതോടെ വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക, ക്ഷീര മേഖലകളുമായി ബന്ധപ്പെട്ട വിപണികളിലുള്ള ഇന്ത്യയുടെ നിലപാട് ചര്‍ച്ചകളില്‍ തര്‍ക്കവിഷയമായി തുടരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
Additional tariffs on India: Trump’s decision will be after further discussions, says Treasury Secretary