തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി എഡിജിപി എം.ആർ. അജിത് കുമാർ. നാളെ ഹൈകോടതിയിൽ അപ്പീൽ നൽകും. സർക്കാരും ഉത്തരവിനെതിരെ കോടതിയിൽ പോകും. അഴിമതിക്കേസിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസിൽ അജിത് കുമാറിന് അനുകൂലമായ നിലപാടെടുത്ത വിജിലൻസിനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സത്യം കണ്ടെത്താതെ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും, കുറ്റം നടന്നുവെന്ന് സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ ആണ് അജിത് കുമാറിനെതിരെ പരാതി നൽകിയത്. വിജിലൻസ് റിപ്പോർട്ടിൽ തനിക്കെതിരെയുള്ള അഞ്ച് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതായും അജിത് കുമാർ വാദിക്കുന്നു.
ഈ വിഷയത്തിൽ സർക്കാർ അപ്പീൽ നൽകുന്നത് എഡിജിപിക്ക് സംരക്ഷണം നൽകാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കൂടാതെ, മുഖ്യമന്ത്രിക്ക് അന്വേഷണത്തിൽ ഇടപെടാൻ അധികാരമില്ലെന്ന കോടതിയുടെ പരാമർശത്തിൽ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.