കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണംവിട്ട ബസ് ട്രക്കിലും റോഡിലെ മറ്റ് വാഹനങ്ങളിലും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 70 ഓളം പേര്‍ മരണപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ അഫ്ഗാന്‍ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. 17 കുട്ടികൾക്കും അപകടത്തിൽ ജീവൻ നഷ്ടമായി.
ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം. മരിച്ചവരില്‍ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരും മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് പേരും അപകടത്തില്‍ മരിച്ചു. ബസിന്റെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് ഹെറാത്ത് പ്രവിശ്യയിലെ പൊലീസ് പറയുന്നത്.