അഗ്നി-5 മിസൈൽ പരീക്ഷണം വിജയകരം; ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് പുതിയ കരുത്ത് ; യൂറോപ്യൻ ഭൂഖണ്ഡത്തോളം പരിധി

അഗ്നി-5 മിസൈൽ പരീക്ഷണം വിജയകരം; ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് പുതിയ കരുത്ത് ; യൂറോപ്യൻ ഭൂഖണ്ഡത്തോളം പരിധി

ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധം വഹിക്കാൻ ശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ (ഐ.ആർ.ബി.എം.) അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐ.ടി.ആർ.) നിന്നാണ് ബുധനാഴ്ച പരീക്ഷണ വിക്ഷേപണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ എല്ലാ കഴിവുകളും പരീക്ഷണത്തിൽ സ്ഥിരീകരിച്ചു. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ മേൽനോട്ടത്തിലായിരുന്നു വിക്ഷേപണം.

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് ഇത് സാധാരണ യൂസർ ട്രയലുകളുടെ ഭാഗമായിരുന്നു എന്നാണ്. ഡി.ആർ.ഡി.ഒ. (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച അഗ്നി-5, അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര മിസൈലുകളിൽ ഒന്നാണ്. ആധുനിക നാവിഗേഷൻ, ഗൈഡൻസ്, പോർമുന, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ടാണ്.

അഗ്നി-5 ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാൻ ശേഷിയുള്ള (എം.ഐ.ആർ.വി.) ഭൂതല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ.സി.ബി.എം.) ആണ്. ഒരേസമയം മൂന്ന് ആണവ പോർമുനകൾ വരെ വഹിക്കാനും വിക്ഷേപിക്കാനും ഇതിന് കഴിയും. 2024 മാർച്ച് 11-ന് തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുനിന്ന് ഇതിന്റെ ആദ്യത്തെ എം.ഐ.ആർ.വി. പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം പോർമുനകൾ വഹിക്കാനും വിക്ഷേപിക്കാനുമുള്ള മിസൈലിന്റെ കഴിവ് ഈ പരീക്ഷണം തെളിയിച്ചു. കൂടാതെ, ബങ്കർ-ബസ്റ്റർ ബോംബ് സാങ്കേതികവിദ്യ സംയോജിപ്പിച്ച്, സുരക്ഷിതവും ഉറപ്പുള്ളതുമായ ലക്ഷ്യങ്ങളെ തകർക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ പതിപ്പുകൾ വികസിപ്പിക്കുന്നുണ്ട്. മിസൈലിന്റെ നിലവിലെ ദൂരപരിധി 5,000 കിലോമീറ്ററാണ്. ഡി.ആർ.ഡി.ഒ. 7,500 കിലോമീറ്റർ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ഒരു നവീകരിച്ച പതിപ്പിന്റെ നിർമ്മാണത്തിലാണ്.

ഈ മിസൈൽ പ്രധാനമായും ചൈനക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വികസിപ്പിച്ചത്. മുൻപ്, അഗ്നി-3 ആയിരുന്നു ഇന്ത്യയുടെ ഏറ്റവും ഉയർന്ന ദൂരപരിധിയുള്ള മിസൈൽ. ഇത് മധ്യ ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ചാൽ ചൈനയുടെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിലെ ലക്ഷ്യങ്ങളിൽ എത്താൻ പര്യാപ്തമായിരുന്നില്ല. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ കൂടുതലും കിഴക്കൻ തീരത്തായതുകൊണ്ട്, കൂടുതൽ ദൂരപരിധിയുള്ള ഒരു മിസൈലിന്റെ ആവശ്യകത ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് അഗ്നി-5 വികസിപ്പിച്ചത്.

3,500 മുതൽ 5,000 കിലോമീറ്റർ വരെ റേഞ്ചും രണ്ടു ഘട്ടങ്ങളുമുണ്ടായിരുന്ന അഗ്നി-3-യുടെ പരിഷ്കരിച്ച രൂപമാണ് അഗ്നി-5. അഗ്നി-3-യുടെ അടിസ്ഥാന രൂപകൽപ്പനയിൽ ഒരു ഘട്ടം കൂടി കൂട്ടിച്ചേർത്താണ് ഇത് നിർമ്മിച്ചത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് കൂടാതെ പ്രധാന വ്യവസായ നഗരങ്ങളിൽ പോലും എത്താൻ കഴിയുന്ന അഗ്നി-5, ഏഷ്യയിൽ ചൈനയ്ക്കുണ്ടായിരുന്ന മുൻതൂക്കത്തിന് വെല്ലുവിളി ഉയർത്തുന്നു. ഏഷ്യക്ക് പുറമേ ആഫ്രിക്ക പൂർണ്ണമായും യൂറോപ്പിന്റെ പകുതിയും ഈ മിസൈലിന്റെ പരിധിയിൽ വരും.

ഇന്ത്യയുടെ ഈ പുതിയ മിസൈൽ പരീക്ഷണം പാകിസ്താനിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാകിസ്താന്റെ സ്ട്രാറ്റജിക് വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.വി.ഐ.), ഇന്ത്യയുടെ മിസൈൽ പദ്ധതി പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. 2016 മുതൽ ഇന്ത്യയുടെ മിസൈൽ വികസനം വേഗത്തിലായെന്നും എസ്.വി.ഐ. ചൂണ്ടിക്കാട്ടി. ഭാവിയിൽ 8,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള മിസൈലുകൾ ഇന്ത്യ വികസിപ്പിച്ചാൽ യു.എസ്., റഷ്യ തുടങ്ങിയ രാജ്യങ്ങളെയും ലക്ഷ്യമിടാൻ കഴിഞ്ഞേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Agni-5 missile test successful; New strength for India’s defense capability; Range as far as the European continent

Share Email
Top