ബെയ്ജിങ്: യുഎസ് ഉത്പന്നങ്ങൾക്കുമേൽ ചൈന ചുമത്തിയ 24 ശതമാനം അധികതീരുവ താത്കാലികമായി നിർത്തിവയ്ക്കുന്നതിന് ധാരണയായതായി റിപ്പോർട്ട്. ഓഗസ്റ്റ് 12 മുതൽ 90 ദിവസത്തേക്കാണ് അധികതീരുവ ചുമത്തുന്നത് ഒഴിവാക്കാൻ ചൈന തീരുമാനിച്ചിരിക്കുന്നത്. ചൈന-യുഎസ് സാമ്പത്തിക, വ്യാപാര ചർച്ചകളിലുണ്ടായ സമവായം നടപ്പിലാക്കാൻ സ്റ്റേറ്റ് കൗൺസിലിന്റെ കസ്റ്റംസ് താരിഫ് കമ്മീഷൻ ലക്ഷ്യമിടുന്നതിനാലാണ് ഈ നീക്കമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയ്ക്കുമേൽ അധികതീരുവ ചുമത്തുന്നത് നീട്ടിവയ്ക്കുന്നതിനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടിരുന്നു. ചൈനയുമായുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയായിരുന്നു ട്രംപിന്റെ നടപടി. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികതീരുവ ചുമത്തുന്നത് നീട്ടിവെക്കുന്നതായി ചൈനയുടെ വാണിജ്യ മന്ത്രാലയവും വ്യക്തമാക്കിയത്.
നവംബർ 10 വരെ ഉയർന്ന തീരുവകൾ ചുമത്തുന്നത് നിർത്തിവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ താൻ ഒപ്പുവെച്ചതായി ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെ വ്യക്തമാക്കിയ ട്രംപ്, സന്ധിയുടെ മറ്റ് വ്യവസ്ഥകളെല്ലാം നിലനിൽക്കുമെന്നും അറിയിച്ചു. അമേരിക്ക ചൈനയുമായി ചർച്ചകൾ തുടരുകയാണെന്നും സാമ്പത്തിക, ദേശീയ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ചൈന സുപ്രധാന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
നവംബർ ആദ്യംവരെയുള്ള തീരുവ നീട്ടലിലൂടെ ക്രിസ്മസ് കാലത്തേക്കുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ കുറഞ്ഞ തീരുവ നിരക്കിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള സമയം ലഭിക്കും. നവംബർ 10 വരെ അമേരിക്കയിലേക്കുള്ള ചൈനീസ് ഇറക്കുമതിക്ക് 30 ശതമാനവും ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 10 ശതമാനവുമായിരിക്കും തീരുവ.