രത്തൻ ടാറ്റ ഇവിടെ ഉണ്ടായിരുന്നെങ്കിൽ…’ എയർ ഇന്ത്യ വിമാന അപകടത്തിൽ സഹായം വൈകുന്നതിനെക്കുറിച്ച് യുഎസ് അഭിഭാഷകൻ മൈക്ക് ആൻഡ്രൂസ്

രത്തൻ ടാറ്റ ഇവിടെ ഉണ്ടായിരുന്നെങ്കിൽ…’ എയർ ഇന്ത്യ വിമാന അപകടത്തിൽ സഹായം വൈകുന്നതിനെക്കുറിച്ച് യുഎസ് അഭിഭാഷകൻ മൈക്ക് ആൻഡ്രൂസ്

ഡൽഹി: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തകർന്നു വീണ വിമാനത്തിൻ്റെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് വൈകുന്നതിനെതിരെ പ്രമുഖ യുഎസ് അഭിഭാഷകൻ മൈക്ക് ആൻഡ്രൂസ് രംഗത്ത്. ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇത്തരം കാലതാമസങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരന്തത്തിൽ മരിച്ച 260 പേരിൽ 65-ൽ അധികം കുടുംബങ്ങൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് മൈക്ക് ആൻഡ്രൂസ്. ടാറ്റാ ഗ്രൂപ്പിൻ്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ കാരുണ്യവും തൊഴിലാളികളോടുള്ള കരുതലും യു.എസ്സിൽ പോലും അറിയപ്പെടുന്ന കാര്യമാണ്. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപകടത്തിൽ മരിച്ച ഒരു വ്യക്തിയുടെ വൃദ്ധയും കിടപ്പിലായതുമായ അമ്മയ്ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത വിഷയം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. മകൻ്റെ വരുമാനം കൊണ്ടാണ് ഈ അമ്മയുടെ ചികിത്സ നടന്നിരുന്നത്. എന്നാൽ ഇപ്പോൾ അവർ ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. അതേസമയം, വിമാനത്തിൻ്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും പരിശോധിച്ച ശേഷം നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആൻഡ്രൂസ് അറിയിച്ചു.

വിമാനത്തിന് സാങ്കേതിക തകരാറുണ്ടെങ്കിൽ യു.എസിൽ കേസെടുക്കാനാകും. എയർ ഇന്ത്യയുടെ ഭാഗത്താണ് പിഴവെങ്കിൽ മോൺട്രിയൽ കൺവെൻഷൻ പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ 147 യാത്രക്കാരുടെയും 19 ജീവനക്കാരുടെയും കുടുംബങ്ങൾക്ക് എയർ ഇന്ത്യ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. പിന്നീട് നൽകുന്ന നഷ്ടപരിഹാരത്തിൽ ഈ തുക കുറവ് ചെയ്യും. അപകടത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി ടാറ്റ ഗ്രൂപ്പ് ‘എഐ-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്’ സ്ഥാപിക്കുകയും, ഓരോ വ്യക്തിക്കും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അപകടത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൻ്റെ പുനർനിർമ്മാണത്തിനും സഹായം നൽകുന്നുണ്ട്.

2025 ജൂൺ 12-നാണ് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തകർന്നു വീണത്. 229 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 241 പേർ അപകടത്തിൽ മരിച്ചു. ഇതിന് പുറമെ 19 പേർ നിലത്തും മരിച്ചു. ടേക്ക് ഓഫ് ചെയ്ത് 90 സെക്കൻഡിനുള്ളിൽ വിമാനത്തിൻ്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനം നിലച്ചതാണ് അപകടകാരണം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് ഈ അപകടം.

Share Email
LATEST
More Articles
Top