അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനാപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾ ബോയിങ് കമ്പനിക്കും എയർ ഇന്ത്യയ്ക്കുമെതിരെ അമേരിക്കൻ ഫെഡറൽ കോടതിയിൽ ഹർജി സമർപ്പിച്ചു. അമേരിക്ക ആസ്ഥാനമായുള്ള ബ്ലീസി അലൻ എന്ന നിയമ സ്ഥാപനം വഴിയാണ് എൺപതിലധികം കുടുംബങ്ങൾ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ബീസ്ലി അലൻ നിയമ സ്ഥാപനത്തിലെ വ്യോമയാന അഭിഭാഷകനായ മൈക്ക് ആൻഡ്രൂസ് അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി. പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതിനു ശേഷം അദ്ദേഹം വഡോദരയിലെത്തി മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചു.
അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്പന്നത്തിന്റെ തകരാറുമായി ബന്ധപ്പെട്ട ക്ലെയിം രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്ന് മൈക്ക് ആൻഡ്രൂസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ നിയമപരമായ സാധ്യതകൾ അറിയാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് താൽപര്യമുണ്ടെന്നും ആൻഡ്രൂസ് വ്യക്തമാക്കി.
അഭിഭാഷകർക്കും നിയമ വിദഗ്ദ്ധർക്കും കൂടുതൽ നിയമ സാധുതകൾ തേടാൻ കഴിയുന്ന തരത്തിൽ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിന്റെയും കോക്ക്പിറ്റ് വോയിസ് റെക്കോർഡറിന്റെയും വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആൻഡ്രൂസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Ahmedabad plane crash: Petition filed in US court against Boeing and Air India