പൂഞ്ചിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ല: വാർത്തകൾ ഇന്ത്യൻ സൈന്യം നിഷേധിച്ചു

പൂഞ്ചിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ല: വാർത്തകൾ ഇന്ത്യൻ സൈന്യം നിഷേധിച്ചു

ജമ്മു: ജമ്മുവിലെ പൂഞ്ചിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന വാർത്തകൾ ഇന്ത്യൻ സൈന്യം നിഷേധിച്ചു. വെടിനിർത്തൽ കരാറിൻ്റെ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഏകദേശം 20 മിനിറ്റോളം പാക് സൈന്യം വെടിയുതിർത്തെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും നേരത്തേ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് പാക്കിസ്ഥാനിലെ ഭീകര, സൈനിക താവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇതിനു ശേഷം ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാക്കിസ്ഥാന് കനത്ത പ്രഹരം ഏൽപ്പിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ മലയാളിയുൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 20 പേർക്ക് പരിക്കേറ്റു. പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3 മണിയോടെ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Pakistan did not violate ceasefire in Poonch: Indian Army denies reports

Share Email
Top