ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
“എനിക്ക് യുദ്ധം അവസാനിപ്പിക്കണം. ഞാൻ അവസാനിപ്പിച്ച മറ്റ് അഞ്ച് യുദ്ധങ്ങൾക്കൊപ്പം ഈ യുദ്ധവും അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ അഭിമാനമുണ്ട്.” ആര് ആരോട് പറഞ്ഞതെന്ന് എന്നോട് ചോദിക്കരുതേ!
ലോകം ഉറ്റുനോക്കുന്ന ഒരു നിർണായക കൂടിക്കാഴ്ചയ്ക്ക് വേദിയാകുകയാണ് അലാസ്ക. ഓഗസ്റ്റ് 15-ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടക്കുന്ന ഉച്ചകോടിയിൽ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. ഈ ഉച്ചകോടി ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരു സമാധാനത്തിന്റെ നല്ല വാർത്ത കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ലോകം.
നേരത്തെയുള്ള കൂടിക്കാഴ്ചകൾ
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇരുവരും നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ, ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയ ശേഷം ഫോണിലൂടെ മാത്രമാണ് ഇവർ സംസാരിച്ചത്. 2019-ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി-20 ഉച്ചകോടിയിലാണ് ഇവർ അവസാനമായി കണ്ടുമുട്ടിയത്. 2018-ൽ ഹെൽസിങ്കിയിൽ വെച്ച് രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ഒരു ഉഭയകക്ഷി ഉച്ചകോടിയും ഇവർ നടത്തിയിരുന്നു.
പ്രതീക്ഷകളും ആശങ്കകളും
ഓഗസ്റ്റ് 13-ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ വെർച്വൽ ചർച്ചയ്ക്കു ശേഷമാണ് ട്രംപ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. “എനിക്ക് യുദ്ധം അവസാനിപ്പിക്കണം. ഞാൻ അവസാനിപ്പിച്ച മറ്റ് അഞ്ച് യുദ്ധങ്ങൾക്കൊപ്പം ഇതും അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ അഭിമാനമുണ്ട്,” എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ഉച്ചകോടിക്ക് ശേഷം സെലെൻസ്‌കിയുമായി രണ്ടാമതൊരു കൂടിക്കാഴ്ച നടത്താനും ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചു.
അതേസമയം, പുടിനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ “വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ പുടിൻ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറാകാത്തതിൽ ട്രംപ് അതൃപ്തനായിരുന്നു. എന്നാൽ, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ പുടിൻ വ്യാഴാഴ്ച പ്രശംസിച്ചു. കൂടാതെ, ഈ ചർച്ചകൾ ഒരു ആണവായുധ നിയന്ത്രണ കരാറിന് വഴി തുറക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അലാസ്കയിലെ ആങ്കറേജിൽ വെച്ച് നടക്കുന്ന ഈ കൂടിക്കാഴ്ചക്ക് മുന്നോടിയായി മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പുടിൻ ഈ അഭിപ്രായങ്ങൾ പറഞ്ഞത്.
ഈ ഉച്ചകോടി ഒരു പുതിയ അധ്യായത്തിന് തുടക്കമിടുമോ അതോ കൂടുതൽ സംഘർഷങ്ങളിലേക്ക് നയിക്കുമോ എന്ന് കണ്ടറിയണം. ഏതായാലും, മഞ്ഞുമലകൾ ഉരുകുന്നതുപോലെ യുദ്ധത്തിന്റെ കാർക്കശ്യം കുറയുമെന്ന പ്രതീക്ഷയിലാണ് ലോകം. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം, മഞ്ഞുമലയുരുകിയെന്ന സന്തോഷവാർത്തയും കൊണ്ടുവരാൻ കാത്തിരിക്കാം!
Alaska Summit: Will the Ukraine War End?