അശ്ലീലതയുള്ള രംഗങ്ങളിൽ അഭിനയിച്ച് സാമ്പത്തിക ലാഭം നേടിയെന്നാരോപിച്ച് നടി ശ്വേത മേനോനിനെതിരേ കേസെടുത്ത് സെന്‍ട്രല്‍ പൊലീസ്.
മാർട്ടിൻ മേനാച്ചേരി എന്നയാളാണ് പരാതി നൽകിയത്. ഐ.ടി ആക്ടിലെ സെക്ഷൻ 67(A) പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നതാണ് പരാതിയുടെ കേന്ദ്രം. ഇതിനിടെ, മലയാള സിനിമാരംഗത്തെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കാൻ സാധ്യതയുണ്ടെന്ന വാർത്തയ്ക്കിടയിലാണ് കേസ്. നിലവിൽ, ഈ കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതിൽ വ്യക്തതയില്ല.
‘അമ്മ’യുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങിയിരുന്ന ജഗദീഷ് പിന്‍മാറിയതോടെ ശ്വേത മേനോന് സാധ്യത വർധിച്ചിരുന്നു. ജയൻ ചേർത്തലയും അനൂപ് ചന്ദ്രനും സ്ഥാനാർത്ഥിത്വം പിന്‍വലിച്ചതോടെ മത്സരരംഗം ശ്വേതയും ദേവൻ എന്നിങ്ങനെ രണ്ടുപേരിലേക്ക് ചുരുങ്ങി.
പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള പദവികളിലേക്ക് 73 ഓളം നാമനിർദേശപത്രികകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, പലരുടെയും നാമനിർദേശങ്ങൾ ഒരേ സമയം മറ്റ് പദവികളിലേക്കും സമർപ്പിച്ചതായും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അറിയിപ്പ് വ്യക്തമാക്കുന്നു. വോട്ടെടുപ്പ് ആഗസ്റ്റ് 15ന് നടക്കും. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകും.
ഇന്നസെന്റിന്റെ മരണത്തോടെ ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയ മോഹൻലാൽ, കഴിഞ്ഞ മൂന്നു തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഈവട്ടം മത്സരരംഗത്ത് നിന്ന് പിന്‍മാറുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു, അതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം കടുപ്പമാകുകയായിരുന്നു.
Allegation of Earning Money Through Obscene Films; Case Filed Against Shwetha Menon