രണ്ടാം സീസണിലെ ആദ്യ വിജയവുമായി ആലപ്പി റിപ്പിള്‍സ്

രണ്ടാം സീസണിലെ ആദ്യ വിജയവുമായി ആലപ്പി റിപ്പിള്‍സ്

തിരുവനന്തപുരം : കെസിഎല്ലില്‍ അദാനി ട്രിവാണ്‍ഡ്രം റോയല്‍സിനെ മൂന്ന് വിക്കറ്റിന് തോല്പിച്ച് ആലപ്പി റിപ്പിള്‍സ്. ഈ സീസണില്‍ ആലപ്പിയുടെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാണ്‍ഡ്രം റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിള്‍സ് രണ്ട് പന്തുകള്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. ഇംപാക്ട് പ്ലേയറായി ഇറങ്ങി ആലപ്പിക്ക് വിജയമൊരുക്കിയ മൊഹമ്മദ് കൈഫാണ് കളിയിലെ താരം.

അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ആലപ്പിയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു മൊഹമ്മദ് കൈഫ്. മൊഹമ്മദ് അസറുദ്ദീന്‍ മടങ്ങിയതോടെ റണ്‍സ് കണ്ടെത്താനാകാതെ തപ്പിത്തടഞ്ഞ ടീമിനെ കൈഫ് ഒറ്റയ്ക്ക് ചുമലിലേറ്റി. 12ആം ഓവറിലായിരുന്നു കൈഫ് ബാറ്റ് ചെയ്യാനെത്തിയത്. അഞ്ച് വിക്കറ്റിന് 85 റണ്‍സെന്ന നിലയിലായിരുന്നു റിപ്പിള്‍സ്. ജയിക്കാന്‍ വേണ്ടത് 50 പന്തുകളില്‍ 94 റണ്‍സ്. എന്നാല്‍ സമ്മര്‍ദ്ദങ്ങളില്ലാതെ സിക്‌സുകളിലൂടെ കൈഫ് സ്‌കോറുയര്‍ത്തി.

ആറാം വിക്കറ്റില്‍ അക്ഷയ് ടി കെയുമായി ചേര്‍ന്ന് കൈഫ് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 22 റണ്‍സെടുത്ത അക്ഷയ് മടങ്ങുമ്പോള്‍ വിജയം 22 റണ്‍സ് അകലെയായിരുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ പായിച്ച കൈഫ്, റോയല്‍സിന്റെ ബൌളര്‍മാര്‍ വരുത്തിയ പിഴവുകള്‍ പരമാവധി മുതലെടുക്കുകയും ചെയ്തു. അവസാന ഓവറുകളില്‍ അഭിജിത് പ്രവീണും ഫാനൂസ് ഫൈസും തുടരെ നോബോളുകള്‍ എറിഞ്ഞത് റോയല്‍സിന് തിരിച്ചടിയായി. ഫ്രീഹിറ്റുകള്‍ മുതലെടുത്ത കൈഫ് ടീമിനെ വിജയതീരത്തെത്തിച്ചു. 30 പന്തുകളില്‍ ഏഴ് സിക്‌സും ഒരു ഫോറുമടക്കം 66 റണ്‍സുമായി കൈഫ് പുറത്താകാതെ നിന്നു.

നേരത്തെ വലിയൊരു തകര്‍ച്ചയോടെ തുടങ്ങിയ ട്രിവാണ്‍ഡ്രം റോയല്‍സിന് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സാണ് കരുത്തായത്. എം നിഖിലിന്റെയും അബ്ദുള്‍ ബാസിദിന്റെയും നിര്‍ണ്ണായക സംഭാവനകള്‍ കൂടി ചേര്‍ന്നതോടെയാണ് റോയല്‍സ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുമായി ആഞ്ഞടിച്ച കൌമാര താരം ആദിത്യ ബൈജു ആലപ്പിയ്ക്ക് മികച്ച തുടക്കമാണ് നല്കിയത്. ഓവറിലെ അഞ്ചാമത്തെയും ആറാമത്തെയും പന്തുകളില്‍ എസ് സുബിനെയും റിയ ബഷീറിനെയും പുറത്താക്കിയതോടെ രണ്ട് വിക്കറ്റിന് എട്ട് റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്.

ഒരു സിക്‌സറോടെ അക്കൌണ്ട് തുറന്നെങ്കിലും ഇല്ലാത്ത റണ്ണിനായോടി ഗോവിന്ദ് ദേവ് പൈയും നാലാം ഓവറില്‍ പുറത്തായി. തകര്‍ച്ച മുന്നില്‍ക്കണ്ട റോയല്‍സിനെ കൃഷ്ണപ്രസാദും അബ്ദുള്‍ ബാസിദും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. അബ്ദുള്‍ ബാസിദ് 30 റണ്‍സെടുത്തു. അവസാന അഞ്ച് ഓവറുകളില്‍ കൃഷ്ണപ്രസാദും നിഖിലും ചേര്‍ന്നുള്ള കൂറ്റനടികളാണ് റോയല്‍സിന്റെ സ്‌കോര്‍ 178 വരെയെത്തിച്ചത്.

ഓപ്പണറായി ഇറങ്ങിയ കൃഷ്ണപ്രസാദ് 53 പന്തുകളില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 67 റണ്‍സുമായി പുറത്താകാതെ നിന്നു. നിഖില്‍ 31 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്തു. അഭിജിത് പ്രവീണ്‍ വെറും നാല് പന്തുകളില്‍ രണ്ട് സിക്‌സടക്കം 12 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് വിക്കറ്റെടുത്ത ബേസില്‍ തമ്പിയാണ് റോയല്‍സ് ബൌളിങ് നിരയില്‍ തിളങ്ങിയത്. വിജയത്തോടെ ആലപ്പി റിപ്പിള്‍സ് രണ്ട് പോയിന്റ് സ്വന്തമാക്കി.

Alleppey Ripples secure first win of second season

Share Email
Top