യുഎസിന് ബദൽ: വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്ന വിപണി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

യുഎസിന് ബദൽ: വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്ന വിപണി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം അധികത്തീരുവ പ്രാബല്യത്തിലായതോടെ യുഎസ് വിപണിക്ക് ബദല്‍ കണ്ടെത്താന്‍ കേന്ദ്രനീക്കം. തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) ആണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര വ്യാപാര മന്ത്രാലയം വ്യവസായ പ്രമുഖരുമായും വ്യാപാര പ്രതിനിധികളുമായും വിദഗ്ദരുമായും കഴിഞ്ഞ 72 മണിക്കൂറുകളായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഉത്പന്ന വിപണി വിവിധ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ച് വൈവിധ്യവത്കരിക്കാനാണ് നിലവില്‍ തീരുമാനം. ഇതിനായി 40 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. യുകെ, ദക്ഷിണ കൊറിയ, ജപ്പാന്‍, മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയവരുമായാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്.

ഇന്ത്യയുടെ വസ്‌ത്രോത്പന്നങ്ങളുടെ കയറ്റുമതിക്കാണ് മുഖ്യപ്രാധാന്യം. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന മേഖലയാണിത്. നിലവില്‍ 200 രാജ്യങ്ങളിലേക്ക് ഇന്ത്യ വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അതില്‍ ഈ പറഞ്ഞ 40 രാജ്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ രാജ്യങ്ങള്‍ ആകെ 59000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍. എന്നാല്‍, ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറ് ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ടെക്‌സ്റ്റൈല്‍സിന് പുറമെ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍, തോല്‍ ഉത്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ എന്നീ മേഖലകള്‍ക്ക് പുറമെ ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും. ഇതിനായാണ് ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്ന നികുതി ചുമത്തിയിട്ടുണ്ടെങ്കിലും യു.എസിലേക്കുള്ള ആകെ കയറ്റുമതിയുടെ 30.2 ശതമാനം ഉത്പന്നങ്ങള്‍ക്ക് നിലവില്‍ നികുതി ചുമത്തിയിട്ടില്ല. മരുന്ന്, മരുന്ന് നിര്‍മാണ ഘടകങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട ഉത്പന്നങ്ങളെ യു.എസ് നികുതി ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Alternative to the US: India is preparing to expand its product market to various countries

Share Email
Top