അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്: ‘ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ’ പരിപാടി ശ്രദ്ധ നേടി

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്: ‘ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ’ പരിപാടി ശ്രദ്ധ നേടി

മാർട്ടിൻ വിലങ്ങോലിൽ

ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ’ എന്ന ജനസമ്പർക്ക പരിപാടി ശ്രദ്ധേയമായി. നിയമ നിർവഹണ മേഖലയിലെ ഉദ്യോഗസ്ഥരെയും സമൂഹത്തിലെ നേതാക്കളെയും യുവജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുവന്ന ഈ സാമൂഹ്യസേവന സംരംഭം, ഭാവി തലമുറയെ നിയമപാലന മേഖലയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

ഡാനിയൽ സോളമൻ (സർജന്റ്-അറ്റ്-ആംസ്) ദേശാഭിമാന പ്രതിജ്ഞ ചൊല്ലി പരിപാടികൾക്ക് തുടക്കം കുറിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോക്കിളിന്റെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡ് അഫയേഴ്‌സ് ഡയറക്ടർ സിബു നായർ മുഖ്യ പ്രഭാഷണം നടത്തി. നിയമ നിർവഹണ വിഭാഗം സമൂഹവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസ് (മേരിലാൻഡ്, ടക്കോമ പാർക്), ഇൻസ്പെക്ടർ ഷിബു മധു (എക്സിക്യൂട്ടീവ് ഓഫീസർ, ഡിറ്റക്റ്റീവ് ബ്യൂറോ ബ്രൂക്ലിൻ സൗത്ത്, NYPD), ഡെപ്യൂട്ടി ഇൻസ്പെക്ടർ ലിജു തോട്ടം (എക്സിക്യൂട്ടീവ് ഓഫീസർ, പട്രോൾ ബറോ ബ്രോങ്ക്സ്, NYPD), ക്യാപ്റ്റൻ പ്രതിമ ഭജന്ദാസ് മാൽഡൊനാഡോ (കമാൻഡിംഗ് ഓഫീസർ, 103-ാം പ്രിസിങ്ക്, NYPD) തുടങ്ങിയ പ്രമുഖർ വേദിയിൽ സംസാരിച്ചു.

വ്യത്യസ്ത പാനലിസ്റ്റുകൾ അവരുടെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളും അനുഭവങ്ങളും പങ്കുവെച്ചു. ഈ പാനൽ ചർച്ചകൾ, യുവ തലമുറയെ പ്രചോദിപ്പിക്കാനും അവർക്ക് നിയമപാലന രംഗത്ത് നേതൃപാടവം വളർത്താനും സഹായിക്കുന്നതായിരുന്നു. AMLEU പ്രസിഡന്റ് ലഫ്റ്റനന്റ് നിധിൻ എബ്രഹാം സംഘടനയുടെ ഭാവി പദ്ധതികൾ വിശദീകരിച്ചു. ലിസ് ഫിലിപ്പോസ് ആയിരുന്നു പരിപാടിയുടെ എംസി. AMLEU സെക്രട്ടറി ലഫ്റ്റനന്റ് നോബിൾ വർഗീസ് (NY–NJ പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ്) ഹൃദയസ്പർശിയായ നന്ദിപ്രസംഗം നടത്തി.

ഈ പരിപാടി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും അമേരിക്കൻ സമൂഹത്തിലെ മലയാളി സാന്നിധ്യത്തെയും ഉയർത്തിക്കാട്ടുന്ന ഒരു വേദിയായി.

American Malayali Law Enforcement: ‘Inspire the Next Generation’ program garners attention

Share Email
LATEST
Top