കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ വിദേശകാര്യ വകുപ്പ് ചെയർമാൻ സ്ഥാനം രാജിവച്ചു

കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ വിദേശകാര്യ വകുപ്പ് ചെയർമാൻ സ്ഥാനം രാജിവച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പാർട്ടി വിദേശകാര്യ വകുപ്പ് ചെയർമാൻ സ്ഥാനം രാജിവച്ചു. വകുപ്പ് പുനഃസംഘടിപ്പിക്കാനും യുവ നേതാക്കൾക്ക് അവസരം നൽകാനുമാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷമായി ഈ സ്ഥാനത്ത് പ്രവർത്തിച്ചുവരികയായിരുന്നു ആനന്ദ് ശർമ്മ.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. കഴിവുള്ള യുവ നേതാക്കളെ ഉൾപ്പെടുത്തി വകുപ്പ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും, ഇത് വകുപ്പിൻ്റെ തുടർപ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഏകദേശം നാല് പതിറ്റാണ്ടായി അന്താരാഷ്ട്ര കാര്യങ്ങളിൽ കോൺഗ്രസിൻ്റെ പ്രധാന മുഖമായിരുന്നു ആനന്ദ് ശർമ്മ. ഈ വിഷയത്തിൽ തൻ്റെ അഭിപ്രായം ഖാർഗെയോടും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയോടും മുൻപ് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു.

നിലവിൽ പ്രതാപ് സിംഗ് ബാജ്‌വ, മനീഷ് തിവാരി, പള്ളം രാജു, ദീപേന്ദർ ഹൂഡ, സജീവ് ജോസഫ്, രാഗിണി നായക്, സഞ്ജയ് ചന്ദോക് എന്നിവരാണ് വകുപ്പിലെ മറ്റ് അംഗങ്ങൾ. ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി കോൺഗ്രസിൻ്റെ ബന്ധം കെട്ടിപ്പടുക്കുന്നതിൽ വകുപ്പ് സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആനന്ദ് ശർമ്മ പറഞ്ഞു. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ പ്രധാന പാർട്ടികളുമായി കോൺഗ്രസിന് ശക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top