അനില്‍ അംബാനി രാജ്യം വിടാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം; ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

അനില്‍ അംബാനി രാജ്യം വിടാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം; ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയർമാന്‍ അനിൽ അംബാനി ഇന്ത്യ വിടുന്നത് വിലക്കി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ലുക്കൗട്ട് നോട്ടീസ്. 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ അനിലിന് എതിരെ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് ഇഡിയുടെ ഈ നീക്കം.

ഓഗസ്റ്റ് അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി അനില്‍ അംബാനിക്ക് നിർദേശം നല്‍കിയിരുന്നു. ഡല്‍ഹിയിലെ ഇഡി ഹെഡ് ക്വാർട്ടേഴ്സില്‍ ഹാജരാകാനായിരുന്നു നിർദേശം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം അനിലിന്റെ മൊഴി രേഖപ്പെടുത്താനായിരുന്നു തീരുമാനം.

കഴിഞ്ഞ ആഴ്ച അനില്‍ അംബാനിയുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടന്നിരുന്നു. ജൂലൈ 24ന് ആരംഭിച്ച റെയ്ഡ് മൂന്ന് ദിവസം കൊണ്ടാണ് പൂർത്തിയായത്. 59 കമ്പനികളുടെയും 25 വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 35ല്‍ അധികം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ അനില്‍ അംബാനി ഗ്രൂപ്പിലുള്‍പ്പെട്ട കമ്പനികളിലെ എക്സിക്യൂട്ടീവുകളുടെ ആസ്തികളും ഉള്‍പ്പെട്ടിരുന്നു.

2017-2019 കാലയളവിൽ അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം ലോണ്‍ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റൽ സംബന്ധിച്ച ആരോപണങ്ങളിലായിരുന്നു ഇഡി പരിശോധന എന്നാണ് റിപ്പോർട്ട്. ക്രെഡിറ്റ് നയം ലംഘിച്ച് യെസ് ബാങ്ക് റിലയന്‍സ് ഗ്രൂപ്പിലെ കമ്പനികളെ വഴിവിട്ട് സഹായിച്ചുവെന്ന് കേന്ദ്ര ഏജൻസി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

റിലയൻസ് മ്യൂച്വൽ ഫണ്ട് എടി-1 ബോണ്ടുകളിൽ നടത്തിയ 2,850 കോടിയുടെ നിക്ഷേപവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും കാനറ ബാങ്കും തമ്മിലുള്ള 1,050 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പ ‘തട്ടിപ്പും’ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെട്ട ഏകദേശം 10,000 കോടിയു രൂപയുടെ വായ്പാ ഫണ്ട് വകമാറ്റവും ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

Share Email
Top