മംഗളൂരു: രാജ്യത്തെയാകെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ധർമസ്ഥലയിലെ വെളിപ്പെടുത്തലുകൾക്ക് ആൻറി ക്ലൈമാക്‌സ്. പരാതിക്കാരനായ മുൻ ശുചീകരണത്തൊഴിലാളി കാണിച്ചുനൽകിയ സ്ഥലങ്ങളിൽ അരക്കോടിയിലേറെ രൂപ ചെലവിട്ട് കുഴിച്ച് പരിശോധന നടത്തിയിട്ടും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വ്യാജപരാതിയും തെളിവുകളും സമർപ്പിച്ചതിന് പരാതിക്കാരനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
സാക്ഷിയെന്ന നിലയിലുള്ള പരിരക്ഷ ഒഴിവായതോടെ ഇയാളുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയായ സി.എൻ. ചിന്നയ്യയാണ് കർണാടക സർക്കാരിനെയും പോലീസിനെയും വലച്ച വെളിപ്പെടുത്തലുകൾ നടത്തിയ ആൾ.
ഇയാൾ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉൾപ്പെടെയുള്ള തെളിവുകൾ മറ്റെവിടെയോനിന്ന് സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളുടെ മൊഴി പ്രകാരം ധർമസ്ഥല വനത്തിൽ 17 ഇടങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തിയപ്പോൾ രണ്ടിടങ്ങളിൽനിന്ന് അസ്ഥികൾ ലഭിച്ചിരുന്നെങ്കിലും ഇവ പുരുഷന്മാരുടെ അസ്ഥികളാണെന്നും മൊഴിയിൽ പറയുന്ന കാലപ്പഴക്കം ഇവയ്ക്കില്ലെന്നും കണ്ടെത്തിയിരുന്നു. ഈ അസ്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഫോറൻസിക് പരിശോധനയും അന്വേഷണവും തുടരും.
ബൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയ ചിന്നയ്യയെ എസ്.ഐ.ടി. കസ്റ്റഡിയിൽ വാങ്ങി. 1995-നും 2014-നും ഇടയിൽ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുമ്പോൾ, പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ ഭീഷണി കാരണം കുഴിച്ചിടേണ്ടിവന്നുവെന്നാണ് ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ഈ മൊഴിയെ തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ ചിന്നയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല.
ആദ്യം ആരോപണമുന്നയിച്ചവർ പിൻമാറുന്നു
അന്വേഷണം നടക്കുന്നതിന് മുൻപ്, തന്റെ മകളെ ധർമ്മസ്ഥലയിൽ വെച്ച് കാണാതായെന്ന് പറഞ്ഞെത്തിയ മുൻ സി.ബി.ഐ. ഉദ്യോഗസ്ഥയായ സുജാത ഭട്ട് മൊഴി മാറ്റിയിരുന്നു. 2003-ൽ കാണാതായ അനന്യ ഭട്ട് എന്ന മകൾ തനിക്കില്ലെന്നും, ചിലരുടെ ഭീഷണിയെ തുടർന്നാണ് ഈ വ്യാജ പരാതി നൽകിയതെന്നും അവർ വെളിപ്പെടുത്തി. ഇൻസൈറ്റ്‌റഷ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
ഈ കേസുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചവർ ഓരോരുത്തരായി മൊഴിമാറ്റി തുടങ്ങിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. മാനസിക വിഭ്രാന്തി ഉള്ളയാളാണ് ചിന്നയ്യയെന്ന് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, ചിന്നയ്യയുടെ ആദ്യ ഭാര്യയും ചിന്നയ്യ ഒരു സൈക്കോയാണെന്നും സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് ഇയാൾ ധർമ്മസ്ഥലക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ആരോപിച്ചു.
കേസിനു പിന്നിലെ റിയൽ എസ്റ്റേറ്റ് തർക്കം
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കേസുകളാണ് ഈ വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസിന്റെ ആക്ഷൻ കൗൺസിൽ ചെയർമാനായ മഹേഷ് ഷെട്ടി തിമ്മറോഡിയെ മറ്റൊരു കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി. നേതാവായ ബി.എൽ. സന്തോഷിനെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ടതിനാണ് അറസ്റ്റ്.
കേരളത്തിൽ നിന്നുള്ള വ്ലോഗർക്കെതിരെ അന്വേഷണം
കേരളത്തിൽ നിന്നുള്ള മാധ്യമങ്ങളെയും ലോറിക്കാരനായ മനാഫ് അടക്കമുള്ള വ്ലോഗർമാരെയും അറസ്റ്റ് ചെയ്യണമെന്ന് കന്നഡ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നുണ്ട്. ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയുടെ മീഡിയ കൺവീനറായി മനാഫ് പ്രവർത്തിച്ചുവെന്ന് പറയുന്നു. വ്യാജ പരാതിക്കാരിയായ സുജാതയെ ചോദ്യം ചെയ്ത എസ്.ഐ.ടി., ഈ വിഷയത്തിൽ മനാഫിനുള്ള പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരുന്നു.
Anti-climax to Dharmasthala revelations; Complainant arrested for filing false complaint and evidence