ഡൽഹി : രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടിക അട്ടിമറി ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ ബി.ജെ.പി. വയനാട്ടിലും റായ്ബറേലിയിലും വ്യാജ വോട്ടർമാരുണ്ടെന്ന് ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂർ ആരോപിച്ചു. വയനാട് മണ്ഡലത്തിൽ 93,949 സംശയാസ്പദമായ വോട്ടർമാരുണ്ടെന്നും 102 വയസ്സുള്ള ലില്ലിക്കുട്ടിയും 101 വയസ്സുള്ള കമലമ്മയും പുതിയ വോട്ടർമാരാണെന്നും അദ്ദേഹം ആരോപിച്ചു.
സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനു മുൻപ് അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചു. അഖിലേഷ് യാദവ്, അഭിഷേക് ബാനർജി, എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളിലെ വ്യാജ വോട്ടർമാരുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. റായ്ബറേലിയിലെ ഒരു വീട്ടിൽ 47 വോട്ടുകളുണ്ടെന്നും ഈ വിഷയത്തിൽ രാഹുൽ ഗാന്ധി രാജിവയ്ക്കുമോയെന്നും ഠാക്കൂർ ചോദിച്ചു.
എന്നാൽ, ഈ ആരോപണങ്ങൾക്ക് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് മറുപടി നൽകി. ബി.ജെ.പി എല്ലാ അടവുകളും പയറ്റിയിട്ടും വയനാട്ടിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണെന്നും ഈ ആരോപണങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.